റോബോട്ടിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ 2027-ഓടെ ഏകദേശം 6,000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളുമായി (IITs) ചേർന്ന് ഭൂപത് ആൻഡ് ജ്യോതി മെഹ്ത്ത ഫാമിലി ഫൗണ്ടേഷൻ (Mehta Family Foundation) പദ്ധതി ആവിഷ്കരിക്കുന്നു. 120-ലധികം അധ്യാപകരുടെ സഹകരണത്തോടെ പ്രത്യേക കോഴ്സുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

റോബോട്ടിക്സ്, ഫിസിക്കൽ എ.ഐ (Physical AI) മേഖലകളിൽ ബി.ടെക് (2,500), ബിരുദാനന്തര ബിരുദം (1,200), ഡോക്ടറൽ (1,300) വിഭാഗങ്ങളിലായി 5,000 സീറ്റുകളാണ് ഒരുക്കുന്നത്. ബഹിരാകാശ എൻജിനീയറിംഗ്, സാങ്കേതികവിദ്യ എന്നിവയിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലായി 1,000 അവസരങ്ങളുണ്ടാകും.
ആരോഗ്യം, പ്രതിരോധം, കൃഷി, വ്യാവസായിക നിർമ്മാണം തുടങ്ങിയ മേഖലകളിലെ പ്രായോഗിക ആവശ്യങ്ങളുമായി പഠനത്തെ ബന്ധിപ്പിക്കും. സാറ്റലൈറ്റ് നാവിഗേഷൻ, സ്പേസ് റോബോട്ടിക്സ്, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്കൂൾ ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയും ആരംഭിക്കാൻ പദ്ധതിയുണ്ട്. അടുത്ത ദശാബ്ദത്തിൽ ഇന്ത്യയുടെ സാങ്കേതിക വളർച്ചയ്ക്ക് ക്ലാസ്മുറികളിലും ലബോറട്ടറികളിലും നടക്കുന്ന മുന്നേറ്റങ്ങൾ നിർണ്ണായകമാണെന്ന് ഫൗണ്ടേഷൻ സ്ഥാപകൻ രാഹുൽ മെഹ്ത്ത വ്യക്തമാക്കി.
