ഒരേസമയം ഒന്നിലധികം ശത്രു ഡ്രോണുകളെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള തദ്ദേശീയ പ്രതിരോധ സംവിധാനമായ ‘ഭാർഗവാസ്ത്ര’യുടെ (Bhargavastra) ആഭ്യന്തര വികസന പരീക്ഷണങ്ങൾ രാജസ്ഥാനിലെ പൊഖ്റാൻ ഫയറിംഗ് റേഞ്ചിൽ വിജയകരമായി പൂർത്തിയായി. നവംബർ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡാണ് (SDAL) പരീക്ഷണങ്ങൾ നടത്തിയത്. വ്യോമപ്രതിരോധ റോക്കറ്റുകളും കൃത്യതയുള്ള മൈക്രോ-മിസൈലുകളും സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ദ്വിതല വാഹനാധിഷ്ഠിത കൗണ്ടർ-സ്വാം ഡ്രോൺ സംവിധാനമാണിതെന്ന് കമ്പനി വ്യക്തമാക്കി.

പരീക്ഷണത്തിനിടെ സംവിധാനത്തിലെ സെൻസറുകളും സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലയും യഥാർത്ഥ ഡ്രോൺ കൂട്ടങ്ങളെ കൃത്യമായി കണ്ടെത്തി ട്രാക്ക് ചെയ്തു. തുടർന്ന് വിക്ഷേപിച്ച റോക്കറ്റുകളിലെ പോർമുനകൾ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി പതിക്കുകയും, മൈക്രോ-മിസൈലുകളുടെ മാർഗ്ഗനിർദ്ദേശ ശേഷിയും ലക്ഷ്യവേധ ശേഷിയും പ്രത്യേക പരീക്ഷണങ്ങളിൽ തെളിയിക്കപ്പെടുകയും ചെയ്തു. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളെ അപ്രസക്തമാക്കാൻ കൂട്ടത്തോടെ എത്തുന്ന ഡ്രോണുകളെ ഫലപ്രദമായി നേരിടാനും തദ്ദേശീയ പ്രതിരോധ നിർമ്മാണ രംഗത്ത് വലിയ മുന്നേറ്റം കുറിക്കാനും ഈ വിജയം സഹായിക്കും.
India successfully tested ‘Bhargavastra’, its first indigenous counter-swarm drone system developed by SDAL in Pokhran, Rajasthan, boosting air defense capabilities.

