പ്രതിരോധ രംഗത്തെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത വികസനവും നിർമ്മാണവും വേഗത്തിലാക്കാൻ ഇന്ത്യയും യു.എ.ഇയും തീരുമാനിച്ചു. അബുദാബിയിൽ നടന്ന 14-ാമത് ഇന്ത്യ-യു.എ.ഇ സംയുക്ത പ്രതിരോധ സഹകരണ സമിതി (JDCC) യോഗത്തിലാണ് ഈ സുപ്രധാന നീക്കം. ആധുനിക ചെറുകിട ആയുധങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യയുടെ ഐകോമും (ICOMM) യു.എ.ഇയുടെ CARACALഉം തമ്മിലുള്ള നിലവിലെ വ്യവസായ പങ്കാളിത്തത്തിന്റെ മാതൃകയിലാണ് പുതിയ സംയുക്ത നിർമ്മാണ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

നിർണ്ണായകമായ സമുദ്ര വ്യാപാര പാതകളും ഊർജ്ജ വിതരണവും സുരക്ഷിതമാക്കുക, ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുക, പ്രതിരോധ നിർമ്മാണവും കയറ്റുമതിയും വിപുലീകരിക്കുക, പശ്ചിമേഷ്യയിലെ മാറുന്ന സുരക്ഷാ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുക എന്നിവയാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇരുരാജ്യങ്ങളിലെയും പ്രതിരോധ കമ്പനികൾ തമ്മിലുള്ള വ്യാപാര പങ്കാളിത്തം (B2B) പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയിൽ നിന്നുള്ള പ്രത്യേക സംഘവും ജെ.ഡി.സി.സി പ്രതിനിധി സംഘത്തെ അനുഗമിച്ചിരുന്നു. യോഗത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളിലെയും പ്രതിരോധ വ്യവസായ പ്രതിനിധികൾ തമ്മിൽ പ്രത്യേക ബിസിനസ് ചർച്ചകൾ നടന്നു. കൂടാതെ, ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘം യു.എ.ഇയിലെ തവാസുൻ ഇൻഡസ്ട്രിയൽ പാർക്ക് സന്ദർശിക്കുകയും, പരസ്പര സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്തുന്നതിനായി തവാസുൻ ഇക്കണോമിക് കൗൺസിൽ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
India and the UAE step up defence ties to fast-track joint development and manufacturing of advanced defence equipment following the 14th JDCC meeting in Abu Dhabi

