നഗര വികസനത്തിന് ഫണ്ട് കണ്ടെത്താൻ മുന്നിട്ടിറങ്ങി തദ്ദേശ സ്ഥാപനങ്ങൾ. കേരളത്തിലാദ്യമായി കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ ബോണ്ടുകള്‍ പുറത്തിറക്കുന്നു . ഇതിലൂടെ 500 കോടി രൂപ സമാഹരിക്കാൻ ആണ് ലക്ഷ്യം
അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളും മുനിസിപ്പല്‍ ബോണ്ട് വിപണിയിലെത്തും

ബോണ്ട് തുക തിരിച്ചടയ്ക്കേണ്ടതിനാല്‍ വരുമാനം ലഭിക്കുന്ന പദ്ധതികള്‍ക്കാണ് മുൻഗണന. നഗരസഭയുടെ ഭൂമി പ്രയോജനപ്പെടുത്തി വാണിജ്യ സൗകര്യങ്ങള്‍ വികസിപ്പിച്ച് വാടക വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യം.
നഗരസഭകള്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി വിപണിയില്‍ നിന്ന് പണം സമാഹരിക്കാൻ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണീ മുനിസിപ്പൽ ബോണ്ട്. നിശ്ചിത കാലാവധിയില്‍ പലിശ സഹിതം തിരിച്ചടക്കണം.
കലൂരില്‍ പ്രൈവറ്റ് ബസ്സ്റ്റാൻഡില്‍ പത്ത് നിലയില്‍ വാണിജ്യ മൊബിലിറ്റി ഹബ്, സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് 12 നിലയുള്ള സ്റ്റാഫ് ക്വാർട്ടേഴ്സ് ഇരട്ട സമുച്ചയം, കച്ചേരിപ്പടിയില്‍ ഉഷ ടൂറിസ്റ്റ് ഹോം സമുച്ചയം 12 നിലകളില്‍ പുനർനിർമ്മിക്കുക, വാണിജ്യ കെട്ടിടങ്ങളടക്കം 12 നിലകളില്‍ വൈറ്റില സോണല്‍ ഓഫീസ് സമുച്ചയം എന്നിവയാണ് മുനിസിപ്പൽ ബോണ്ട് സമാഹരിച്ചു പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ.
അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളും മുനിസിപ്പല്‍ ബോണ്ട് വിപണിയിലെത്തും. മുനിസിപ്പല്‍ ബോണ്ടിന് കൊച്ചി കോർപ്പറേഷന് ‘സെബി” അംഗീകാരം ലഭിച്ചു. ഇതിലൂടെ 250 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം ഗ്രീൻ ബോണ്ടും സാധാരണ ബോണ്ടും വഴി 250 കോടി രൂപയും സമാഹരിക്കാൻ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് താത്പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു .
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടതിനാല്‍ കോർപ്പറേഷന്റെ ആസ്തി കണക്കുകള്‍ തയ്യാറാക്കി ഐ.എസ്.ഒ സർട്ടിഫിക്കേഷനും നേടണം. ആസ്തി രജിസ്റ്റർ തയ്യാറാക്കുന്ന ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്.
ഇന്ത്യയിലെ 22 നഗരങ്ങള്‍ കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 4500 കോടി രൂപ മുനിസിപ്പല്‍ ബോണ്ടിലൂടെ സമാഹരിച്ചിട്ടുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് നഗര അടിസ്ഥാന വികസനത്തിനായുള്ള ഈ പദ്ധതിയുമായി സംസ്ഥാനം മുന്നിട്ടിറങ്ങുന്നത്.
