ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സാങ്കേതിക കമ്പനിയായ ഒറാക്കിൾ (Oracle) ഇന്ത്യയിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏകദേശം 30,000 ജീവനക്കാരിൽ 2,000 മുതൽ 3,000 വരെ പേരെ പുതിയ വെട്ടിക്കുറയ്ക്കൽ ബാധിച്ചേക്കുമെന്നാണ് വിവരം. പേറോൾ ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടപടികൾ ഉണ്ടാകുമെന്ന സൂചനകളെ തുടർന്ന് ജീവനക്കാർ ആശങ്കയിലാണ്. എന്നാൽ കമ്പനി ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഇതിനുപുറമെ മൈക്രോസോഫ്റ്റും (Microsoft) ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാർക്കിടയിൽ പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ (PIP) നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജീവനക്കാരുടെ ഏകദേശം 2 ശതമാനത്തോളം വരുന്ന 400 മുതൽ 500 വരെ ജീവനക്കാരെ ഇത് ബാധിച്ചേക്കുമെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് സാധാരണയായി നടപ്പിലാക്കുന്ന പെർഫോമൻസ് അധിഷ്ഠിത നടപടികൾ മാത്രമാണെന്നും ഇതിനെ പിരിച്ചുവിടലായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കിയിട്ടുള്ളത്
