ഇന്ത്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വർക്ക്‌ഫ്ലോ ഓട്ടോമേഷൻ സ്റ്റാർട്ടപ്പായ ‘റിലോയെ’ (Rilo) അഡോബി (Adobe) സ്വന്തമാക്കി. പീക്ക് എക്സ്.വി (Peak XV) പിന്തുണയുള്ള ഈ കമ്പനിയുടെ ഏറ്റെടുക്കലിലൂടെ, മാർക്കറ്റിംഗ് രംഗത്തെ തങ്ങളുടെ ഏജന്റിക് എഐ (Agentic AI) ശേഷി കൂടുതൽ ശക്തമാക്കാനാണ് അഡോബി ലക്ഷ്യമിടുന്നത്.
ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥികളായ ധ്രുവ് ജാഗ്ലാൻ, ജോർജി ബോബി എന്നിവർ ചേർന്ന് 2025ൽ ആരംഭിച്ച സ്ഥാപനമാണ് റിലോ. സ്വാഭാവിക ഭാഷാ നിർദ്ദേശങ്ങളിലൂടെ ഔട്ട്‌കം ഡ്രിവൺ വർക്ക്‌ഫ്ലോകൾ നിർമ്മിക്കാൻ സഹായിക്കുന്ന എഐ ഓട്ടോമേഷൻ പ്ലാറ്റ്‌ഫോമാണിത്. 2023ൽ റീഫ്രെയ്സ്.എഐ (Rephrase.ai) സ്വന്തമാക്കിയതിന് ശേഷം അഡോബി നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഏറ്റെടുക്കലാണിത്.
മത്സരം കടുക്കുന്ന മാർക്കറ്റിംഗ് സോഫ്റ്റ്‌വെയർ രംഗത്ത് മേധാവിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് അഡോബിയുടെ ഈ നീക്കം. കാൻവ (Canva), ആന്ത്രോപിക് (Anthropic), ഓപ്പൺഎഐ (OpenAI) തുടങ്ങിയ വമ്പൻമാരിൽ നിന്നുള്ള കടുത്ത മത്സരത്തെ നേരിടാൻ ഈ ഏറ്റെടുക്കൽ അഡോബിയെ സഹായിക്കും.
മാർക്കറ്റിംഗ്, ഗോ-ടു-മാർക്കറ്റ് ടീമുകൾക്ക് മത്സര നിരീക്ഷണം, സോഷ്യൽ മീഡിയ ഇടപെടലുകൾ, കാമ്പെയ്ൻ ഗവേഷണം തുടങ്ങിയ ജോലികൾക്കായി ‘എഐ ജീവനക്കാരെ’ സൃഷ്ടിക്കാൻ റിലോയുടെ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. അഡോബിയുമായി ചേരുന്നതോടെ ഫോർച്യൂൺ 500 കമ്പനികളിലെ മാർക്കറ്റിംഗ് രംഗത്തേക്ക് എഐ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി എത്തിക്കാൻ കഴിയുമെന്നാണ് റിലോ സ്ഥാപകരുടെ പ്രതീക്ഷ.
Adobe acquires Peak XV-backed Indian AI startup Rilo to boost its agentic AI marketing capabilities and expand workflow automation for global enterprises.
