ആഗോള തലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും നിലനിൽക്കുന്ന സാഹചര്യത്തിലും 7.8 % സാമ്പത്തിക വളർച്ചയാണ് ഈ ആദ്യ പാദത്തിൽ ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. അതെ സമയം ഈ നേട്ടം അവകാശപ്പെടാൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ അധികാരമേറ്റെടുത്ത യു ഡി എഫിനും സാധിക്കില്ലെന്നതിനു കണക്കുകൾ തെളിവാണ്. ഈ നാല് മാസം കൊണ്ട് തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം കേരളാ സർക്കാർ വിനിയോഗിച്ചു കഴിഞ്ഞു. ഇവിടം കൊണ്ടും കടമെടുക്കൽ തീരുന്നില്ല. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
26,461.75 കോടി രൂപയാണ് ഏപ്രിൽ മുതലുള്ള ആദ്യ നാല് മാസം ഇതുവരെ കേരളം കടമെടുത്തത് . ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്. ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു.
ക്ഷേമപെൻഷനുകൾ, ബോണസ്, ഉത്സവബത്ത, വിപണി ഇടപെടലുകൾ എന്നിവയ്ക്കായി ഓണക്കാലത്ത് ചെലവായ പതിനായിരം കോടിയോളം രൂപയിൽ 2,200 കോടി രൂപ ഓഗസ്റ്റ് അവസാനം കടമെടുത്തിരുന്നു.
സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തിൽ 13,880.82 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ജി.എസ്.ടി വരുമാനം. ഓണക്കാലത്തെ ഭീമമായ ചെലവുകൾക്ക് ശേഷം വിപണിയിലെ ഉണർവ് നികുതി വരുമാന വർദ്ധനവിന് കാരണമാകുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളിൽ ജി.എസ്.ടി ഉൾപ്പെടെയുള്ള നികുതി വരുമാനത്തിൽ വലിയ വർധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.
Kerala plans to borrow an additional ₹1,800 crore to meet post-Onam expenses after reaching nearly half of its annual borrowing limit in four months.
