ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് ഇന്ത്യയെന്നും, ഈ രംഗത്ത് 200 ബില്യൺ ഡോളറിന്റെ നിക്ഷേപാവസരങ്ങളാണ് കാത്തിരിക്കുന്നതെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഡാറ്റാ സെന്റർ രംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈസി ഓഫി ഡൂയിംഗ് ബിസിനസ് സംബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമികണ്ടക്ടർ വ്യവസായം, കൃത്രിമ ബുദ്ധി (AI), വർദ്ധിച്ചുവരുന്ന നിർമ്മാണ അടിത്തറ എന്നിവയ്ക്കൊപ്പം ഡാറ്റാ സെന്ററുകളും രാജ്യത്തിന്റെ ഭാവി വളർച്ചയ്ക്ക് കരുത്തുപകരുമെന്നും, 2047ഓടെ ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമനടപടികൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഡാറ്റാ സെന്റർ കമ്പനികൾ, ക്ലൗഡ് പ്രൊവൈഡർമാർ, ആഗോള നിക്ഷേപകർ എന്നിവരുമായി ചർച്ചകൾ നടത്തിയതായി പിയൂഷ് ഗോയൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിലൂടെ ഡാറ്റാ സെന്ററുകൾക്കായി ലോകം ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ ജർമ്മൻ പരിസ്ഥിതി മന്ത്രി കാർസ്റ്റൻ ഷ്നൈഡറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, പുനരുപയോഗ ഊർജ്ജം, മാലിന്യ സംസ്കരണം, ഹരിത സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു
Union Minister Piyush Goyal highlights a $200 billion investment opportunity in India’s data centre sector, driving AI, semiconductor growth, and economic expansion.