പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (GRSE), നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിനായി (NCPOR) നിർമ്മിച്ച ‘സാഗർ മന്ഥൻ’ സമുദ്ര ഗവേഷണ കപ്പൽ (ORV) വിജയകരമായി ലോഞ്ച് ചെയ്തു. കൊൽക്കത്തയിലെ ഋഷി ബങ്കിം ഷിപ്പ്യാർഡിൽ നടന്ന ചടങ്ങിലാണ് കപ്പൽ ലോഞ്ച് ചെയ്തത്.

കപ്പലിന്റെ കീൽ ലേയിങ് കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിൽ ഈ നിർണായക നേട്ടം കൈവരിക്കാനായത് ‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികളുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. 89.50 മീറ്റർ നീളവും 18.80 മീറ്റർ വീതിയുമുള്ള ഈ കപ്പലിന്റെ മൊത്തം ഭാരം 5,900 ടണ്ണും പരമാവധി വേഗത 14 നോട്ടിക്കൽ മൈലുമാണ്.
തീരദേശങ്ങളിലും ആഴക്കടലിൽ 6 കിലോമീറ്റർ വരെ ആഴത്തിലും ജിയോഫിസിക്കൽ സീസ്മിക് സർവേകളും സ്വാത് മൾട്ടിബീം സർവേകളും നടത്താൻ ‘സാഗർ മന്ഥൻ’ കപ്പലിന് സാധിക്കും. സമുദ്രത്തിലെ താപനില, ലവണത്വം, ജല സാമ്പിളുകൾ എന്നിവ ശേഖരിക്കുന്നതിനൊപ്പം അന്തരീക്ഷ നിരീക്ഷണങ്ങളും കാലാവസ്ഥാ ഡാറ്റാ ശേഖരണവും ഇതിലൂടെ ഫലപ്രദമായി നടപ്പിലാക്കാം.
ഇന്ത്യൻ നാവികസേനയ്ക്കും വിവിധ ഗവേഷണ സ്ഥാപനങ്ങൾക്കുമായി നാല് പതിറ്റാണ്ടിലേറെയായി സർവേ കപ്പലുകൾ നിർമ്മിച്ചു നൽകുന്ന GRSE, അടുത്തിടെ ‘സംശോധക്’ ഉൾപ്പെടെയുള്ള വലിയ സർവേ വെസലുകൾ വിജയകരമായി കൈമാറിയിരുന്നു. നവരത്ന പദവിയുള്ള ഈ കപ്പൽ നിർമ്മാണശാല നിലവിൽ നാവികസേനയ്ക്കും മറ്റ് ഏജൻസികൾക്കുമായി നിരവധി യുദ്ധക്കപ്പലുകളും അത്യാധുനിക ഗവേഷണ കപ്പലുകളും നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.
GRSE launches the indigenous ocean research vessel ORV Sagar Manthan for NCPOR, giving a major boost to India’s Deep Ocean Mission and maritime capabilities
