കൊച്ചി-തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതിക്കായി 2,449 കോടി രൂപയുടെ വൻ നിക്ഷേപത്തിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) അനുമതി നൽകി. കൊച്ചിയെ തമിഴ്നാട്ടിലെ തൂത്തുക്കുടിയുമായി ബന്ധിപ്പിക്കുന്ന പ്രകൃതിവാതക പൈപ്പ്ലൈനിന്റെ നിർമ്മാണത്തിനും പ്രവർത്തനത്തിനുമായാണ് കമ്പനി ബോർഡ് യോഗം അംഗീകാരം നൽകിയത്. രാജ്യത്ത് പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുക, ഗതാഗത കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, കൂടുതൽ ശുദ്ധമായ ഇന്ധന ബദലുകൾ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള കേന്ദ്ര സർക്കാരിന്റെ ഊർജ്ജ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കൊച്ചി, കന്യാകുമാരി, തൂത്തുക്കുടി എന്നിവയിലൂടെ കടന്നുപോകുന്ന 424.65 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈനിന് പ്രതിദിനം 6.84 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (MMSCMD) ശേഷിയാണുണ്ടാവുക. ഇതിൽ കുറഞ്ഞത് 1.71 MMSCMD ശേഷി മറ്റ് തേർഡ് പാർട്ടി ഉപഭോക്താക്കൾക്കും ഉപയോഗിക്കാനായി പൊതു കാരിയർ ശേഷിയായി (Common Carrier Capacity) മാറ്റിവെച്ചിട്ടുണ്ട്. കൊച്ചി എൽ.എൻ.ജി ടെർമിനലിൽ നിന്ന് ആരംഭിച്ച് തൂത്തുക്കുടി വരെ നീളുന്ന ഈ പദ്ധതി കേരളത്തിലും തെക്കൻ തമിഴ്നാട്ടിലുമുള്ള സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ, വ്യാവസായിക ഉപഭോക്താക്കൾ, പവർ പ്ലാന്റുകൾ എന്നിവർക്ക് പ്രകൃതിവാതകം സുഗമമായി എത്തിക്കാൻ സഹായിക്കും.
Indian Oil Corporation approves ₹2,449 crore to construct the 424.65 km Kochi-Thoothukudi natural gas pipeline, boosting clean energy infrastructure across Kerala and Tamil Nadu
