പശ്ചിമബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലെ ആദ്യ സംരംഭത്തിലൂടെ  സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസിന് – സിയാൽ ഏയ്സസ് –  തുടക്കമായി.  വിമാനത്താവള നിർമ്മാണം പൂർണ്ണമായും ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള കൺസൾട്ടൻസി സേവനമാണ് വിഭാവനം ചെയ്യുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സിയാൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ‘ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ് സർവീസും’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന ഈ സൗകര്യം എല്ലാ വിമാനങ്ങൾക്കും സൗജന്യമായി ലഭ്യമാക്കും.

 നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്ന പദ്ധതിയാണെന്നും  വി.ഡി. സതീശൻ സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് പറഞ്ഞു .

സിയാലിന്റെ അനുഭവ സമ്പത്ത് പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കമേഴ്‌സ്യൽ എന്നീ മേഖലകളിലാണ് സിയാൽ ഏയ്‌സസ് വഴി കൺസൾട്ടൻസി സേവനം നൽകുന്നത്. പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനമായിരിക്കും ഇതിന്റെ ആദ്യ പദ്ധതിയായി നടപ്പാക്കുക.

ഏയ്‌സസിന് രണ്ട് പ്രവർത്തന മേഖലകളുണ്ടാകും. ആദ്യത്തേത്, വ്യോമയാന കൺസൾട്ടൻസി, ഉപദേശക വിഭാഗം, എയർപോർട്ട് മാസ്റ്റർ പ്ലാനിംഗ്, നിർമ്മാണം, വാണിജ്യ മാനേജ്മെന്റ്, നിയന്ത്രണ കാര്യങ്ങൾ എന്നിവയെ പിന്തുണക്കുന്ന തരത്തിലാകും.  രണ്ടാമത്തേത്, എയർപോർട്ട് സേവനങ്ങൾ, ഓഡിറ്റ്, സാങ്കേതിക പിന്തുണ എന്നിവയാകും.  സാങ്കേതിക സഹായം, ഓഡിറ്റുകൾ, പ്രവർത്തന മെച്ചപ്പെടുത്തലുകൾ എന്നിവയ്ക്കായി ക്ലയന്റ് വിമാനത്താവളങ്ങളിൽ സിയാൽ വിദഗ്ധരെ വിന്യസിക്കും. പരമ്പരാഗത കൺസൾട്ടൻസികളിൽ നിന്ന് വ്യത്യസ്തമായി, ഉപദേശം മുതൽ നടപ്പാക്കൽ വരെ പ്രായോഗിക പിന്തുണ ഏയ്‌സസ് വാഗ്ദാനം ചെയ്യും.

 കൊച്ചി വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഹബ്ബായി സിയാൽ വികസിപ്പിക്കുമെന്നും വിമാനത്താവളവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ആഗോള കൺവെൻഷൻ സെന്റർ സ്ഥാപിക്കുമെന്നും വരുമാന അവസരങ്ങൾ വികസിപ്പിക്കുമെന്നും നൂതന സാങ്കേതികവിദ്യയിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുമെന്നും ഇതിനായി പദ്ധതികൾക്ക് തുടക്കമിടുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.


ഓഹരിയുടമകൾക്ക് 55% ലാഭവിഹിതം

ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശയ്ക്ക് സിയാൽ വാർഷിക പൊതുയോഗം അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തിൽ 1,220 കോടി രൂപയുടെ മൊത്ത വരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് സിയാൽ നേടിയത്. 73,134 വിമാന സർവീസുകളിലായി 1.14 കോടി യാത്രക്കാരെ ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തു.

ചടങ്ങിൽ മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം. ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി രാജീവ്‌ കെ., സി.എഫ്.ഒ സജി ഡാനിയേൽ എന്നിവർ പങ്കെടുത്തു

Share.
Leave A Reply

Exit mobile version