ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ കരാർ ചർച്ചകൾക്ക് പുതിയ വേഗത പകരാൻ ലക്ഷ്യമിട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഖത്തർ ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ-കുവാരിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (AIIB) രണ്ട് ദിവസത്തെ വാർഷിക യോഗത്തിന്റെ ഭാഗമായാണ് ഔദ്യോഗിക സന്ദർശനം.

സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അനുരാധാ താക്കൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മന്ത്രിയോടൊപ്പമുണ്ട്. ഔദ്യോഗിക ചർച്ചകൾ പൂർണ്ണമായി അവസാനിച്ചില്ലെങ്കിലും, നയതന്ത്ര തലത്തിലുള്ള ഈ കൂടിക്കാഴ്ച കരാർ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തറുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനും ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ട്. ഇരു കരാറുകളും ഒരുമിച്ച് പൂർത്തിയാക്കാൻ ഖത്തർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യു.എഇയുമായുള്ള ഇന്ത്യയുടെ മാതൃകാപരമായ ബി.ഐ.ടി കരാർ ഖത്തറിനുമുള്ള ചർച്ചകളിൽ മാതൃകയാക്കാവുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള ചട്ടപ്രകാരം അന്താരാഷ്ട്ര ആർബിട്രേഷന് പോകുന്നതിന് മുൻപ് നിക്ഷേപകർ അഞ്ച് വർഷം പ്രാദേശിക നിയമപരമായ പരിഹാരങ്ങൾ തേടണമെന്ന വ്യവസ്ഥ മൂന്ന് വർഷമായി വെട്ടിക്കുറയ്ക്കുന്നതും ഇന്ത്യയുടെ പരിഗണനയിലാണ്. കൂടാതെ, പുതിയ ബി.ഐ.ടി ചട്ടക്കൂടിന്റെ ഭേദഗതികൾ അവസാന ഘട്ടത്തിലാണെന്നും ഇത് ഉടൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി വരുമെന്നും ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
2000 മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഖത്തറിൽ നിന്ന് 1.78 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. യുകെ, യൂറോപ്യൻ യൂണിയൻ, കാനഡ തുടങ്ങിയ പ്രധാന രാജ്യങ്ങളുമായും ഇന്ത്യ സമാനമായ നിക്ഷേപ കരാറുകൾക്കായി ചർച്ചകൾ നടത്തിവരുന്നുണ്ട്. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നയപരമായ ഈ മാറ്റങ്ങളും ഉന്നതതല ചർച്ചകളും സജീവമായി പുരോഗമിക്കുന്നത്.
Union Finance Minister Nirmala Sitharaman meets Qatar’s Finance Minister in Doha to accelerate discussions on the India-Qatar Bilateral Investment Treaty and trade cooperation.
