ബംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഒക്ടോബർ 10 അല്ലെങ്കിൽ 11-ഓടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബംഗളൂരുവിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസമാണ് ഈ പ്രീമിയം സർവീസ് ഉണ്ടാകുക. ബംഗളൂരു എസ്.എം.വി.ടിയിൽ നിന്നും മുംബൈ സി.എസ്.എം.ടിയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 16 മണിക്കൂറും തിരിച്ചുള്ള യാത്രയ്ക്ക് 15 മണിക്കൂർ 45 മിനിറ്റും മാത്രമാണ് സമയം എടുക്കുക. നിലവിലുള്ള ട്രെയിനുകൾ 22 മുതൽ 24 മണിക്കൂർ വരെ എടുക്കുന്ന സ്ഥാനത്താണ് ഈ പുതിയ അതിവേഗ സർവീസ് യാഥാർത്ഥ്യമാകുന്നത്.

ബെംഗളൂരുവിൽ നിന്ന് രാത്രി 7:50-ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11:55-ന് മുംബൈയിലെത്തും. തിരികെ മുംബൈയിൽ നിന്ന് രാത്രി 8:10-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11:55-ന് ബെംഗളൂരുവിൽ തിരിച്ചെത്തുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അനന്തപൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ചെന്നൈ ഐ.സി.എഫിന്റെ മേൽനോട്ടത്തിൽ ബി.ഇ.എം.എൽ (BEML) നിർമ്മിച്ച 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റുകളാണ് ഈ റൂട്ടിൽ സർവീസിനായി ഉപയോഗിക്കുന്നത്.
South India’s first Vande Bharat Sleeper train is set to launch on the Bengaluru-Mumbai route, reducing travel time to 16 hours.
