ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ ക്യാപ്റ്റനെ കുത്തിവീഴ്ത്തി വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റിനെ ഇസ്രായേൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ഒമാൻ പൗരനായ ഹമാം അൽ-ഹമ്മാമി എന്ന സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെയാണ് ആകാശത്തുവെച്ച് ആക്രമിച്ചത്. ക്യാപ്റ്റന്റേയും യാത്രക്കാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. നിലവിൽ യു.എ.ഇയിൽ കസ്റ്റഡിയിലുള്ള പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇസ്രായേൽ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണം നടത്തിയ സഹപൈലറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. തീവ്രവാദ ആശയങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് മുൻപ് ഒമാൻ എയർ ഇയാളെ വിമാനങ്ങൾ പറത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു. 2024-ൽ പരിശീലനത്തിനിടയിൽ ഇയാളുടെ പക്കൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ എത്തി വിമാനം തകർക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായും വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു
Israeli officials to question Omani co-pilot Hamam Al-Hammami after his thwarted attempt to attack Captain Smit Machhar and crash a Tel Aviv-bound Flydubai flight.
