വിദ്യാർഥികൾക്ക് മികച്ച കായിക പരിശീലനവും ശാരീരിക ക്ഷമതാ സൗകര്യങ്ങളും ഒരുക്കുന്നതിനായി ശംഖുമുഖം തോപ്പ് സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ പുതിയ ഇൻഡോർ ഓഡിറ്റോറിയവും സ്‌പോർട്‌സ് ഹബ്ബും ഒരുങ്ങി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമൂഹിക ഉത്തരവാദിത്ത (CSR) പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ നിർമിച്ച സൗകര്യങ്ങൾ ഒക്ടോബർ 6ന് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ കായിക-യുവജനകാര്യ, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി സി. പി. ജോൺ മുഖ്യാതിഥിയാകും.
പദ്ധതിയുടെ കെട്ടിട നിർമാണത്തിനായി 67 ലക്ഷം രൂപയും കായിക ഉപകരണങ്ങൾക്കായി 13.66 ലക്ഷം രൂപയും ഉൾപ്പെടെ ആകെ ₹80.66 ലക്ഷം രൂപയുടെ പിന്തുണയാണ് അദാനി ഫൗണ്ടേഷൻ നൽകിയിരിക്കുന്നത്. വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനും ഫിറ്റ്നസ് പ്രവർത്തനങ്ങൾക്കും കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം അവരുടെ സമഗ്ര വികസനത്തിനും പദ്ധതി സഹായകമാകും.
വിദ്യാർഥികളുടെ കായികശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കരുത്തേകുന്നതാണ് പുതിയ ഇൻഡോർ ഓഡിറ്റോറിയവും സ്‌പോർട്‌സ് ഹബ്ബും.
വിദ്യാഭ്യാസം, സമൂഹാരോഗ്യം, സുസ്ഥിര ഉപജീവനമാർഗങ്ങൾ, സമൂഹ വികസനം, കാലാവസ്ഥാ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ CSR പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. വിദ്യാഭ്യാസ സഹായം, മത്സരപ്പരീക്ഷാ പരിശീലനം, വിദ്യാർഥികൾക്കായുള്ള സായാഹ്ന പഠന പരിപാടികൾ, ആരോഗ്യ-കാഴ്ച പരിശോധനാ ക്യാമ്പുകൾ, വനിതകൾക്കായുള്ള ഉപജീവന പദ്ധതികൾ, സമൂഹ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കിവരുന്നു.
കേരള വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് അരുവിക്കരയിൽ നടപ്പാക്കുന്ന Water Positive Initiative-ന്റെ ഭാഗമായി ₹56.73 ലക്ഷം ചെലവിൽ കളനീക്കം ചെയ്യുന്നതിനുള്ള വീഡ് ഹാർവെസ്റ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വിമാനത്താവളം ലഭ്യമാക്കിയിട്ടുണ്ട്. സ്വയം പ്രവർത്തിക്കുന്ന സർഫസ് വെഹിക്കിൾ, മാലിന്യസംസ്‌കരണ ഉപകരണങ്ങൾ എന്നിവയ്ക്കും പിന്തുണ നൽകുന്നുണ്ട്.
നിലവിൽ നടപ്പാക്കുന്നതും നിർദേശിച്ചിട്ടുള്ളതുമായ വിവിധ CSR പദ്ധതികൾക്കായി ആകെ 3.27 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
A new Indoor Auditorium and Sports Hub at St. Roch’s High School, Thope, will be inaugurated on October 6. Developed under Thiruvananthapuram International Airport’s CSR initiatives, the facility received ₹80.66 lakh in support from the Adani Foundation to enhance sports and overall development opportunities for students.
