ഐടി നഗരമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കും. ഇന്ത്യയിലെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണിത്. ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്ക് (CSMT) സർവീസ് നടത്തുന്ന ഈ രാത്രികാല ട്രെയിൻ 16 മണിക്കൂർ സമയം കൊണ്ട് യാത്ര പൂർത്തിയാക്കും. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും മുംബൈയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും ആഴ്ചയിൽ ആറ് ദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക.
മുംബൈയിൽ നിന്ന് രാത്രി 10:30-ന് പുറപ്പെടുന്ന ട്രെയിൻ (27651) പിറ്റേന്ന് ഉച്ചയ്ക്ക് 2:50-ന് ബെംഗളൂരുവിലെത്തും. തിരികെ ബെംഗളൂരുവിൽ നിന്ന് രാത്രി 10:00-ന് പുറപ്പെടുന്ന ട്രെയിൻ (27652) പിറ്റേന്ന് ഉച്ചയ്ക്ക് 1:50-ന് മുംബൈയിലുമെത്തും. അനന്തപൂർ, റായ്ച്ചൂർ, ഗുണ്ടക്കൽ, കലബുറഗി, പൂനെ, കല്യാൺ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. സിസിടിവി ക്യാമറകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ എന്നിവയ്ക്ക് പുറമെ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള തദ്ദേശീയ ‘കവച്’ സുരക്ഷാ സംവിധാനവും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
The Bengaluru to Mumbai Vande Bharat Sleeper train is set to launch this month, covering the journey in under 16 hours with six weekly services and state-of-the-art Kavach safety tech.
