ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC) 2026-ൽ രാജ്യത്തിന്റെ തദ്ദേശീയ എഐ സാങ്കേതികവിദ്യകളും ഡിജിറ്റൽ മുന്നേറ്റങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് റിലയൻസ് ജിയോ. കേവലം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യം എന്നതിലുപരി, അത് നിർമ്മിക്കുകയും ആഗോളതലത്തിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന തലത്തിലേക്ക് ഇന്ത്യ മാറിയെന്ന് വ്യക്തമാക്കുന്നതാണ് ജിയോയുടെ പ്രദർശനം. “ഇന്ത്യയിൽ നിർമ്മിച്ച്, ഇന്ത്യയിൽ വ്യാപിപ്പിച്ച്, ലോകത്തിലേക്ക് എത്തിക്കുന്നു” (Built in India, Scaled in India, Taking to the World) എന്ന മുദ്രാവാക്യമുയർത്തി, ഭാരതീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക എഐ അധിഷ്ഠിത സൊല്യൂഷനുകളാണ് കമ്പനി ഇവിടെ പ്രകാശിപ്പിച്ചത്.

ഭൂഗർഭ കേബിളുകൾ എത്തിച്ചേരാത്ത വിദൂര പ്രദേശങ്ങളിൽ വരെ സുരക്ഷിതവും അതിവേഗത്തിലുള്ളതുമായ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ജിയോയുടെ തദ്ദേശീയ ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റ് ശൃംഖലയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇതോടൊപ്പം, നെറ്റ്വർക്കിലെ തടസ്സങ്ങൾ ഉപഭോക്താക്കൾ അറിയുന്നതിന് മുൻപ് തന്നെ സ്വയം കണ്ടെത്തി പരിഹരിക്കാൻ ശേഷിയുള്ള ‘എഐ-നെറ്റീവ് ഓട്ടോണമസ് നെറ്റ്വർക്കുകളും’ കമ്പനി പരിചയപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനച്ചെലവ് ലഘൂകരിക്കാൻ ആഗ്രഹിക്കുന്ന ടെലികോം ഓപ്പറേറ്റർമാർക്കും സർക്കാരുകൾക്കും വിശ്വസനീയമായ ആഗോള ബദലായി ജിയോയുടെ ഈ ടെലികോം-എഐ സൊല്യൂഷനുകൾ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ‘ജിയോ എഡ്യൂക്കേഷൻ സ്റ്റാക്ക്’ വഴി നിലവിലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് തന്നെ ഏത് സ്കൂളിനെയും സ്മാർട്ട് സ്കൂളാക്കി മാറ്റാൻ സാധിക്കും. കൂടാതെ, സാധാരണക്കാരുടെ ദൈനംദിന ജീവിതം ലളിതമാക്കുന്ന എഐ വെയറബിളുകൾ, വ്യവസായ മേഖലകൾക്കായി കണക്റ്റിവിറ്റിയും ക്ലൗഡും എഐയും സംയോജിപ്പിച്ച ‘എഐ എന്റർപ്രൈസ് സ്റ്റാക്ക്’, സ്മാർട്ട് വീടുകൾക്കായി ‘ജിയോ എഐ ഹോം’ എന്നിവയും ജിയോ അവതരിപ്പിച്ചു. ഡിജിറ്റൽ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തതയും കരുത്തും തെളിയിക്കുന്നതോടൊപ്പം വിദേശ രാജ്യങ്ങളിലേക്കുള്ള വൻ കയറ്റുമതി സാധ്യതകൾ തുറന്നിടാനും ജിയോയുടെ ഈ മുന്നേറ്റത്തിലൂടെ സാധിക്കും.
At IMC 2026, Reliance Jio showcased its indigenous AI technologies, including LEO satellite connectivity, AI-native autonomous networks, and the Jio Education Stack.