യുപിഐ (UPI) ഇടപാടുകളിൽ എംഡിആർ (MDR – Merchant Discount Rate) നിരക്കുകൾ നടപ്പിലാക്കുന്നത് 2027 ജനുവരിയിലേക്ക് മാറ്റിവെക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആലോചിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ 15 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന പുതിയ നിരക്കുകൾ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകളും ഫിൻടെക് കമ്പനികളും നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

UPI MDR Charges Postponement

ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയവുമായി ചർച്ചകൾ നടന്നു വരികയാണെന്നും അടുത്ത രണ്ട് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമാണ് സൂചന. 2,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ എംഡിആർ ഈടാക്കാനായിരുന്നു കഴിഞ്ഞ മാസം യുപിഐ സ്റ്റീയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നത്.

എന്നാൽ വിവിധ സേവനങ്ങൾക്കായുള്ള നിരക്കുകളിലെ അവ്യക്തതയും, വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇത് ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമാണ് സമയപരിധി നീട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്. വായ്പ തിരിച്ചടവുകൾ, യൂട്ടിലിറ്റി ബില്ലുകൾ, കാപ്പിറ്റൽ മാർക്കറ്റ് ഇടപാടുകൾ എന്നിവയിലെല്ലാം വ്യത്യസ്ത രീതിയിലുള്ള നിരക്കുകൾ ബാധകമാക്കിയത് വ്യാപാരികൾക്കിടയിലും ബാങ്കുകൾക്കിടയിലും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വ്യവസായ മേഖലയുടെ ആശങ്കകൾ പരിഹരിക്കുന്നതിനും കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നതിനുമാണ് എൻപിസിഐ തീരുമാനം പുനഃപരിശോധിക്കുന്നത്.

NPCI is considering postponing the implementation of UPI Merchant Discount Rate (MDR) charges to January 2027 following representations from trade bodies and fintech firms.

Share.
Leave A Reply

Exit mobile version