ഇന്ത്യയുടെ പുതിയ 40,000-ലധികം ടണ്‍ ശേഷിയുള്ള ഫ്ലീറ്റ് സപ്പോര്‍ട്ട് ഷിപ്പുകളുടെ നിര്‍മ്മാണത്തിന്റേത് വഴിത്തിരിവുകളുടെ കഥ. തുടക്കത്തില്‍ തുര്‍ക്കിയിലെ കപ്പല്‍ നിര്‍മ്മാണ കമ്പനികളുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ച പദ്ധതിയാണെങ്കിലും, 2023 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചതോടെ ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് തുര്‍ക്കി കമ്പനികളുമായുള്ള കരാറുകള്‍ പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു.
മറ്റ് വിദേശ പങ്കാളികളെ തേടുന്നതിന് പകരം 82 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് എച്ച്.എസ്.എല്‍ തന്നെ കപ്പലുകളുടെ രൂപകല്‍പ്പന പൂര്‍ത്തിയാക്കി. ഈ ദൗത്യത്തിന്റെ ഭാഗമായി ഒക്ടോബർ 6, 2026-ല്‍ വിശാഖപട്ടണത്ത് വെച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ‘ഐ.എന്‍.എസ് സൂര്യ’ എന്ന ആദ്യ കപ്പല്‍ ജലത്തിലിറക്കുകയും അഞ്ചാമത്തെ കപ്പലിന്റെ കീല്‍ ഇടുകയും ചെയ്തു. 19,000 കോടി രൂപയുടെ കരാറിലൂടെ അഞ്ച് കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്കായി ഒരുങ്ങുന്നത്.
നിര്‍മ്മാണ സമയപരിധി കൃത്യമായി പാലിക്കുന്നതിനായി എച്ച്.എസ്.എല്‍ എല്‍ ആന്‍ഡ് ടി ഷിപ്പ് യാര്‍ഡുമായി സഹകരിച്ച് രണ്ട് കപ്പലുകളുടെ നിര്‍മ്മാണ ചുമതല കൈമാറുകയും 2025-ല്‍ അവയുടെ പണികള്‍ ആരംഭിക്കുകയും ചെയ്തു. നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് സമുദ്രമധ്യത്തില്‍ വെച്ച് ആവശ്യമായ ഇന്ധനം, കുടിവെള്ളം, വെടിമരുന്നുകള്‍, മറ്റ് അത്യന്താപേക്ഷിത സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുകയാണ് ഈ കൂറ്റന്‍ കപ്പലുകളുടെ പ്രധാന ദൗത്യം.
കൂടാതെ, അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങള്‍, ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് ഡെക്ക്, ദുരന്തനിവാരണ-രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവയും ഇതിലുണ്ട്. വിദേശ കപ്പല്‍ശാലകളെ ആശ്രയിക്കുന്നതില്‍ നിന്ന് മാറി, ഇന്ത്യയുടെ തദ്ദേശീയ കപ്പല്‍നിര്‍മ്മാണ മികവ് തെളിയിക്കുന്ന വലിയൊരു നാഴികക്കല്ലായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
Hindustan Shipyard Limited cancelled its contract with Turkish firms to design and build five 40,000-ton Fleet Support Ships for the Indian Navy using 82% indigenous technology
