സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ തുടർന്ന് മേഖലയിൽ വലിയ ആശങ്ക. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങാതെ വീടുകളിൽ കഴിയണമെന്നും സൗദി അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും എംബസി ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും കർശനമായി നിർദേശിച്ചിട്ടുണ്ട്. നിലവിൽ എംബസിയുടെയും വിഎഫ്എസ് കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ഔദ്യോഗിക ചാനലുകൾ വഴി മാത്രം വിവരങ്ങൾ മനസ്സിലാക്കണമെന്നും അധികൃതർ വ്യക്തമാക്കി. മിസൈൽ ആക്രമണത്തെ തുടർന്ന് റിയാദിൽ വലിയ ശബ്ദവും വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഒരു വിമാനത്തിൽ നിന്ന് പുകയുയരുന്നതും കാണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രതിരോധിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് റിയാദിലെ കെട്ടിടങ്ങൾക്കും ക്ലിനിക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യം മോശമായതോടെ ഇന്ത്യക്കും സൗദിക്കുമിടയിലുള്ള വിമാന സർവീസുകൾ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലേക്കും തിരികെയും ഉള്ള സർവീസുകൾ പൂർണമായും റദ്ദാക്കി. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് റിയാദ് സർവീസുകൾ ഒക്ടോബർ 12 വരെ റദ്ദാക്കിയിട്ടുണ്ട്. ഇതിനുപുറമെ ആകാശ എയർ വെള്ളിയാഴ്ചത്തെ ജിദ്ദ സർവീസും റദ്ദാക്കി. കൊച്ചിയിൽ നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുമായി പോകേണ്ട മൂന്ന് സർവീസുകളും തിരിച്ചെത്തേണ്ട രണ്ട് സർവീസുകളും അടക്കം അഞ്ച് സർവീസുകൾ തടസ്സപ്പെട്ടു. റിയാദിൽ നിന്നുള്ള ഫ്ലൈനാസ്, സൗദിയ എന്നീ വിമാന കമ്പനികളുടെ സർവീസുകൾ കൊച്ചിയിലും കോഴിക്കോട്ടും മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തിയത്. അതേസമയം തിരുവനന്തപുരത്തു നിന്നുള്ള ദമാം സർവീസുകൾ റദ്ദാക്കിയിട്ടില്ലെങ്കിലും സമയം വൈകിയാണ് യാത്ര തിരിച്ചത്. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകുമെന്നും അല്ലെങ്കിൽ സൗജന്യമായി തീയതി മാറ്റി നൽകുമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.
യുഎഇ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളി പ്രവാസികളുള്ള രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. നോർക്ക റൂട്ട്സിന്റെ കണക്കനുസരിച്ച് ഏകദേശം 10 ലക്ഷത്തോളം മലയാളി പ്രവാസികളാണ് സൗദിയിലുള്ളത്. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിലുണ്ടായ വിമാന സർവീസുകളുടെ തടസ്സം നാട്ടിലേക്ക് വരാനിരിക്കുന്നവരും തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുന്നവരുമായ ആയിരക്കണക്കിന് പ്രവാസി മലയാളികളെയും അവരുടെ കുടുംബങ്ങളെയും ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്.