ഡച്ച് ഊർജ സംഭരണ ഗ്രൂപ്പായ വി.ടി.ടി.ഐ (VTTI) ഏറ്റെടുക്കാൻ ഇന്ത്യൻ വ്യവസായ ഭീമനായ അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. റോട്ടർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.ടി.ടി.ഐ കമ്പനിയെ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച പ്രമുഖ കമ്പനികളുടെ പട്ടികയിൽ അദാനി ഗ്രൂപ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം 3 ബില്യൺ യൂറോ (ഏകദേശം 31,000 കോടി രൂപ) മൂല്യം വരുന്നതാണ് ഡീൽ. ഇന്ധനങ്ങൾ, രാസവസ്തുക്കൾ എന്നിവ സംഭരിക്കാനുള്ള വൻകിട ടെർമിനലുകൾ ആഗോളതലത്തിൽ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് വി.ടി.ടി.ഐ.

നിലവിൽ ഐ.എഫ്.എം ഇൻവെസ്റ്റേഴ്സ്, വിറ്റോൾ എസ്.എ എന്നീ കമ്പനികൾക്ക് 45 ശതമാനം വീതവും അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (ADNOC) 10 ശതമാനം ഓഹരിയുമാണ് വി.ടി.ടി.ഐയിലുള്ളത്. അഡ്നോക് തങ്ങളുടെ മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ ആലോചിക്കുമ്പോൾ മറ്റ് പങ്കാളികളും ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഒരുങ്ങുകയാണ്. വിദേശ രാജ്യങ്ങളിൽ തുറമുഖങ്ങൾ, എയർപോർട്ടുകൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് ഊർജ സംഭരണ രംഗത്തേക്കും ചുവടുവെക്കാൻ ഒരുങ്ങുന്നത്. എന്നാൽ, ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Adani Group expresses interest in acquiring Dutch energy storage firm VTTI in a potential deal valued at approximately €3 billion (₹31,000 crore).
