ഇന്ത്യൻ റെയിൽവേ ഉപഭോക്താക്കൾക്കായി ഡോർ-ടു-ഡോർ പാർസൽ സേവനം ഉടൻ ആരംഭിക്കുന്നു. വിജയം കണ്ട പൈലറ്റ് പദ്ധതിക്ക് ശേഷമാണ് ‘റെയിൽ പാർസൽ ആപ്പ് – ഘർ സേ ഘർ തക്’ (Rail Parcel App – Ghar se Ghar Tak) എന്ന പേരിലുള്ള ഈ പുതിയ സേവനം എട്ട് പ്രധാന നഗരങ്ങളിൽ നടപ്പിലാക്കുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, പുണെ എന്നീ നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഇനി വീട്ടിലിരുന്ന് തന്നെ പാർസലുകൾ ബുക്ക് ചെയ്യാനും ഡെലിവറി സ്വീകരിക്കാനും സാധിക്കും. ഇതോടെ ഇനി പാർസലുകൾ അയയ്ക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ നേരിട്ടെത്തേണ്ട അവസ്ഥ ഒഴിവാകും.

പുതിയ പ്രവർത്തന രീതി അനുസരിച്ച്, റെയിൽവേയുടെ അംഗീകൃത ലോജിസ്റ്റിക്സ് പങ്കാളികളായിരിക്കും ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് പാർസൽ ശേഖരിക്കുന്നതും ലക്ഷ്യസ്ഥാനത്ത് എത്തിച്ചുനൽകുന്നതും. സ്റ്റേഷനുകൾ തമ്മിലുള്ള പ്രധാന ചരക്കുനീക്കം റെയിൽവേ നിർവഹിക്കും. ട്രെയിൻ പുറപ്പെടുന്നതിന് 15 ദിവസം മുൻപ് മുതൽ ഒരു ദിവസം മുൻപ് വരെ ആപ്പ് വഴി ബുക്കിംഗ് നടത്താം. പാർസൽ വീട്ടിൽ നിന്ന് എടുക്കുന്നതിന് മുൻപ് ബുക്കിംഗ് റദ്ദാക്കുകയാണെങ്കിൽ 10 രൂപ ചാർജ് മാത്രം ഈടാക്കി ബാക്കി തുക റെയിൽവേ പൂർണ്ണമായും തിരികെ നൽകും.
Indian Railways launches its ‘Rail Parcel App – Ghar Se Ghar Tak’ door-to-door parcel pickup and delivery service across eight major Indian cities.
