കേരളത്തിന്റെ സമുദ്രവാണിജ്യ മേഖലയിൽ പുതിയ ചരിത്രത്തിന് തുടക്കമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി ചരക്കുകപ്പൽ എത്തിച്ചേർന്നു. ഓഗസ്റ്റിൽ പൂർണ്ണതോതിലുള്ള എക്സ്പോർട്ട്-ഇമ്പോർട്ട് (EXIM) ചരക്ക് നീക്കങ്ങൾ ആരംഭിച്ചതിന് ശേഷം വിഴിഞ്ഞത്ത് എത്തുന്ന ആദ്യ ഇറക്കുമതി കപ്പലാണിത്. ‘എം.എസ്.സി സബ്രീന III’ (MSC Sabrina III) എന്ന കപ്പലാണ് ശനിയാഴ്ച വിഴിഞ്ഞം തീരത്തണഞ്ഞത്.

ചൈനയിലെ നിങ്ബോയിൽ നിന്നാണ് ആദ്യ ഇറക്കുമതി ചരക്ക് വിഴിഞ്ഞത്തേക്ക് ബുക്ക് ചെയ്തത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ബി.എസ്.2.ജി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പ് ചാൻഡ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് നഗരത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ആൽടെയർ ഗ്രൂപ്പിന് വേണ്ടി ചരക്ക് എത്തിച്ചത്. പരമ്പരാഗത പ്ലൈവുഡിന് പകരമായി നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന എഞ്ചിനീയർഡ് ബിൽഡിംഗ് ബോർഡുകളുടെ പൂർണ്ണ കണ്ടെയ്നർ ലോഡ് ആണ് ചരക്കിൽ ഉൾപ്പെട്ടിരിക്കുന്നത്.
വിഴിഞ്ഞത്ത് നേരിട്ടുള്ള ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ, കപ്പലുകളിൽ നിന്നുള്ള ചരക്കുകൾ ഇവിടെ ഇറക്കി ക്ലിയറൻസ് പൂർത്തിയാക്കി നേരിട്ട് കേരളത്തിലെ വിപണികളിലേക്ക് എത്തിക്കാൻ സാധിക്കും. ഇത് ദൂരെയുള്ള മറ്റു തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ പ്രാദേശിക സംരംഭകരെ സഹായിക്കും. ചരക്കുനീക്കത്തിനുള്ള ചെലവും സമയവും കുറയ്ക്കാൻ ഇത് വഴി സാധിക്കും. കൂടാതെ, ചരക്ക് കൈകാര്യം ചെയ്യുന്നതിലൂടെയും ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളിലൂടെയും ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന് തന്നെ ലഭ്യമാകുകയും ചെയ്യും.
തീരദേശത്ത് ഇറക്കുമതി സജീവമാകുന്നതോടെ കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ഗതാഗത തൊഴിലാളികൾ, വെയർഹൗസ് ഓപ്പറേറ്റർമാർ, പോർട്ട് തൊഴിലാളികൾ എന്നിവർക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതോടൊപ്പം സമുദ്ര വാണിജ്യ കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാകുമെന്നും അധികൃതർ വ്യക്തമാക്കി.
Vizhinjam International Transshipment Deepwater Multipurpose Seaport achieves a major milestone with the arrival of its first import ship, MSC Sabrina III, carrying goods from Ningbo, China.

