സംസ്ഥാനത്തെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വൻ കുതിപ്പേകി 39 റോഡ് പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 988.75 കോടി രൂപയുടെ അനുമതി നൽകിയിരിക്കുകയാണ്. കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (CRIF) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളമുള്ള 486.33 കിലോമീറ്റർ റോഡുകളാണ് വികസിപ്പിക്കുന്നത്. ഡിസംബറോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും.

അനുവദിച്ച തുകയിൽ 570 കോടി രൂപയും മലബാർ മേഖലയിലെ റോഡ് വികസനത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 21 പദ്ധതികളാണ് മലബാറിൽ നടപ്പിലാക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പദ്ധതികൾക്ക് അനുമതി ലഭ്യമായതെന്ന് മന്ത്രി വ്യക്തമാക്കി.
മേജർ ജില്ലാ റോഡുകൾ, സാധാരണ ജില്ലാ റോഡുകൾ, കോർപ്പറേഷൻ റോഡുകൾ എന്നിവയാണ് പദ്ധതിയിലൂടെ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുന്നത്. ഇതിനായി സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിക്കഴിഞ്ഞു. സാങ്കേതിക-സാമ്പത്തിക അനുമതികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി ഡിസംബറിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതികൾ പൂർത്തിയാകുന്നതോടെ ഗ്രാമീണ-നഗര മേഖലകളിലെ ഗതാഗത സൗകര്യവും റോഡ് കണക്റ്റിവിറ്റിയും വർദ്ധിക്കും.
The Central Government has sanctioned ₹988.75 crore under the CRIF scheme for 39 road development projects spanning 486.33 km in Kerala, with over ₹570 crore allocated to Malabar.
