ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സമുദ്രബന്ധം കൂടുതൽ ദൃഢമാക്കാൻ ലക്ഷ്യമിട്ട് രാമേശ്വരത്തുനിന്ന് തലൈമന്നാറിലേക്ക് പുതിയ ഫെറി സർവീസ് ആരംഭിക്കാൻ തമിഴ്നാട് സർക്കാർ കേന്ദ്ര പിന്തുണയും 100 കോടി രൂപയുടെ ധനസഹായവും ആവശ്യപ്പെട്ടു. സാഗർമാല 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർദിഷ്ട പദ്ധതി നടപ്പാക്കാനാണ് തമിഴ്നാട് മാരിടൈം ബോർഡ് ഉദ്ദേശിക്കുന്നത്. നിലവിൽ നാഗപട്ടണത്തിനും കാങ്കേശൻതുറൈയ്ക്കും ഇടയിൽ വിജയകരമായി പ്രവർത്തിക്കുന്ന ഫെറി സർവീസിന്റെ തുടർച്ചയായാണ് ഈ പുതിയ പാത പരിഗണിക്കുന്നത്. 48 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സമുദ്രപാതയിൽ യാത്രക്കാർക്ക് പുറമേ നിർമാണം, ഭക്ഷ്യം, വസ്ത്രമേഖല എന്നിവയ്ക്ക് സഹായകരമാകുന്ന 500 ടൺ ശേഷിയുള്ള ചരക്ക് ഗതാഗത സേവനവും ആരംഭിക്കാൻ പദ്ധതിയുണ്ട്.

അതിർത്തി കടന്നുള്ള യാത്രാപാതയായതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര, സുരക്ഷാ ക്രമീകരണങ്ങൾ, പരിസ്ഥിതി അനുമതികൾ എന്നിവ പദ്ധതിക്ക് ആവശ്യമാണ്. ടെർമിനൽ നിർമാണം, കോസ്റ്റൽ സെക്യൂരിറ്റി, ഇമിഗ്രേഷൻ-കസ്റ്റംസ് സംവിധാനങ്ങൾ എന്നിവ സജ്ജമാക്കേണ്ടതുണ്ട്. മുൻപ് നാഗപട്ടണം സർവീസിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (VGF) മാതൃകയിൽ ഈ പുതിയ പദ്ധതിക്കും സാമ്പത്തിക പിന്തുണ അത്യാവശ്യമാണ്. നിലവിൽ സാധ്യതാ പഠന ഘട്ടത്തിലുള്ള ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയും വടക്കൻ ശ്രീലങ്കയും തമ്മിലുള്ള ടൂറിസത്തിലും ചെറുകിട വ്യാപാര മേഖലയിലും വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tamil Nadu seeks ₹100 crore central aid for a new 48-km ferry service between Rameswaram and Talaimannar to boost India-Sri Lanka trade and tourism.
