ഫിലിപ്പീൻസുമായി വൻ പ്രതിരോധ കരാറിനൊരുങ്ങി ഇന്ത്യ. ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ‘ബ്രഹ്മോസി’ന്റെ 60 മിസൈലുകൾ കൂടി ഫിലിപ്പീൻസിന് കൈമാറാനുള്ള നിർണായക ചർച്ചകൾ അന്തിമഘട്ടത്തിലാണ്. 700 മില്യൺ മുതൽ 800 മില്യൺ ഡോളർ വരെ മൂല്യം പ്രതീക്ഷിക്കുന്ന ഈ കരാറിലൂടെ അഞ്ച് പുതിയ ബ്രഹ്മോസ് മിസൈൽ സംവിധാനങ്ങളാണ് ഫിലിപ്പീൻസിന് ലഭിക്കുക. 2022-ൽ ഒപ്പുവെച്ച 375 മില്യൺ ഡോളറിന്റെ ആദ്യ കരാറിലെ മിസൈലുകളുടെ വിതരണം പൂർത്തിയാകുന്ന വേളയിലാണ് പുതിയ കരാറിലേക്ക് ഇരുരാജ്യങ്ങളും കടക്കുന്നത്.

സൗത്ത് ചൈനാ സീയിൽ ചൈനയുമായുള്ള തർക്കങ്ങളും സംഘർഷങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഫിലിപ്പീൻസ് തങ്ങളുടെ തീരദേശ പ്രതിരോധം ശക്തമാക്കുന്നത്. ഇന്ത്യയെ തികച്ചും വിശ്വസനീയമായ പ്രതിരോധ പങ്കാളിയായാണ് മനില കാണുന്നതെന്ന് ഫിലിപ്പീൻസ് പ്രതിരോധ വക്താക്കൾ വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ചേർന്ന് സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ കര, നാവിക, വ്യോമ മേഖലകളിൽ നിന്ന് തൊടുത്തുവിടാൻ കഴിയുന്നവയാണ്. ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ യുഎഇ, തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ ബ്രഹ്മോസ് കയറ്റുമതി ചർച്ചകൾ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ്.
Philippines is in final talks to buy 60 more BrahMos supersonic cruise missiles from India for $700M–$800M to boost South China Sea coastal defense.

