കർണാടകയിലെ ചില പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ നിർദ്ദിഷ്ട പരിധിയേക്കാൾ കൂടുതൽ എഥനോൾ (26 മുതൽ 31 ശതമാനം വരെ) അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ തള്ളി പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവ രംഗത്തെത്തി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ചട്ടപ്രകാരം 19 മുതൽ 21 ശതമാനം വരെ എഥനോൾ അടങ്ങിയ ഇ-20 (E20) പെട്രോളാണ് തങ്ങൾ വിതരണം ചെയ്യുന്നതെന്നും, സംസ്ഥാന സർക്കാർ പരിശോധനയ്ക്കായി സ്വീകരിച്ച രീതികളിലും സാമ്പിൾ ശേഖരണത്തിലും ഗുരുതര വീഴ്ചകളുണ്ടെന്നും കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഒക്ടോബറിൽ കമ്പനി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ നടത്തിയ സാമ്പിൾ പരിശോധനാ റിപ്പോർട്ടും അതിന്റെ സാങ്കേതിക വിവരങ്ങളും തങ്ങൾക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നുള്ള 56 സാമ്പിളുകൾ ഉൾപ്പെടെ 893 സാമ്പിളുകളിലും എഥനോൾ അളവ് നിർദ്ദിഷ്ട പരിധിക്കുള്ളിൽ തന്നെയെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, വസ്തുതകൾ വ്യക്തമാക്കാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് സംയുക്ത പരിശോധനയ്ക്ക് തയ്യാറാണെന്നും എണ്ണക്കമ്പനികൾ വ്യക്തമാക്കി.
Public sector oil companies IOC, BPCL, and HPCL reject the Karnataka government’s claims of excess ethanol (26–31%) in petrol, affirming strict compliance with BIS E20 standards.
