രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ‘നോർത്ത് ബുള്ളറ്റ് ട്രെയിൻ കോറിഡോർ’ പദ്ധതി വരുന്നു. ന്യൂഡൽഹിയെ ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകും. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികളുടെ ഭാഗമായുള്ള ഈ പദ്ധതിക്ക് പ്രധാനമന്ത്രി അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പുതിയ പാത വഴി ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് 59 മിനിറ്റിലും, കാൺപൂരിലേക്ക് 1 മണിക്കൂർ 45 മിനിറ്റിലും, ലഖ്നൗവിലേക്ക് 2 മണിക്കൂർ 12 മിനിറ്റിലും, വാരണാസിയിലേക്ക് 3 മണിക്കൂർ 33 മിനിറ്റിലും എത്തിച്ചേരാനാകും.

ഡൽഹിയിൽ നിന്ന് ആരംഭിച്ച് ആഗ്ര, കാൺപൂർ, ലഖ്നൗ, അയോധ്യ, വാരണാസി, പ്രയാഗ്രാജ്, പട്ന, സിലിഗുരി വഴി അസമിലെ ഗുവാഹത്തി വരെ നീളുന്നതാണ് നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ പാത. ഇതോടെ ഡൽഹിയിൽ നിന്ന് സിലിഗുരിയിലേക്ക് ആറ് മണിക്കൂറുകൊണ്ടും ഗുവാഹത്തിയിലേക്ക് എട്ട് മണിക്കൂറിൽ താഴെ സമയുകൊണ്ടും യാത്ര ചെയ്യാനാകും. തന്ത്രപ്രധാനമായ ‘ചിക്കൻസ് നെക്ക്’ ഇടനാഴിയിലൂടെ ഭൂഗർഭ പാതയോ എലവേറ്റഡ് ട്രാക്കോ നിർമ്മിച്ച് പാത പൂർത്തിയാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. അതേസമയം, ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയുടെ ആദ്യഘട്ട ഉദ്ഘാടനം 2027 ഓഗസ്റ്റോടെ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
Discover the new North Bullet Train Corridor connecting New Delhi to Assam, passing through UP, Bihar, and West Bengal. Travel from Delhi to Agra in 59 minutes and Guwahati in under 8 hours.
