അമേരിക്കൻ കയറ്റുമതി വിലക്ക് ലംഘിച്ച് 7.5 ബില്യൺ ഡോളറിന്റെ എ.ഐ ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ എൻവിഡിയ (Nvidia) സി.ഇ.ഒ ജെൻസൻ ഹുവാങും ചൈനീസ് വ്യവസായി ആലീസ് ഹുവാങും തമ്മിലുള്ള വ്യക്തിബന്ധം പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ട്. ഈ വിവാദങ്ങൾക്ക് പിന്നാലെ എൻവിഡിയയുടെ ഓഹരികളിൽ വൻ ഇടിവുണ്ടായതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയെന്ന സ്ഥാനം മൈക്രോസോഫ്റ്റ് തിരിച്ചുപിടിച്ചു.

അമേരിക്കൻ കയറ്റുമതി വിലക്കുകൾ മറികടന്ന് ചൈനയ്ക്ക് അത്യാധുനിക എൻവിഡിയ എ.ഐ ചിപ്പുകൾ എത്തിച്ചുനൽകാൻ നെറ്റ്വർക്ക് പ്രവർത്തിച്ചെന്ന വിദേശ മാധ്യമ റിപ്പോർട്ടുകളാണ് ആഗോള ടെക് ലോകത്ത് വൻ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സിങ്കപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘മെഗാസ്പീഡ്’ (Megaspeed) അടക്കമുള്ള വ്യാജ കമ്പനികൾ വഴി 2.4 ലക്ഷത്തോളം H100, H200 സീരീസ് ചിപ്പുകളാണ് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത്. ജെൻസൻ ഹുവാങ്ങുമായുള്ള വഴിവിട്ട ബന്ധം പ്രയോജനപ്പെടുത്തി ആലീസ് ഹുവാങ്ങാണ് ഈ ഇടപാടുകൾക്ക് നേതൃത്വം നൽകിയതെന്നാണ് ആരോപണം. സംഭവത്തിൽ ബോർഡ് തലത്തിൽ ആഭ്യന്തര അന്വേഷണവും യു.എസ് എഫ്.ബി.ഐ (FBI) അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വിവാദം പുകഞ്ഞതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 470 ബില്യൺ ഡോളറിലധികം വിപണി മൂല്യമാണ് എൻവിഡിയയ്ക്ക് നഷ്ടമായത്. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞ് 167.11 ഡോളറിലെത്തി. ഇതോടെ ആഗോള വിപണി മൂല്യത്തിൽ എൻവിഡിയയെ പിന്നിലാക്കി മൈക്രോസോഫ്റ്റ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ആപ്പിൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. എ.ഐ വിപണിയിലെ ഭീമമായ നിക്ഷേപത്തിന്റെ ലാഭക്ഷമതയെക്കുറിച്ച് നിക്ഷേപകർക്ക് ഇതിനകം തന്നെ ആശങ്കയുണ്ടായിരുന്ന അന്തരീക്ഷത്തിലാണ് നിലവിലെ നിയമനടപടികളും വ്യക്തിഗത ആരോപണങ്ങളും തിരിച്ചടിയായത്.
Nvidia stock plunges following allegations of unauthorized AI chip exports to China via CEO Jensen Huang’s network. Microsoft overtakes Nvidia in market cap.
