കാർബൺ ബഹിർഗമനവും ചരക്കുനീക്ക ചെലവും കുറയ്ക്കുന്നതിന്റെ ഭാഗമായി അദാനി സിമന്റ് തങ്ങളുടെ ആദ്യ ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ട്രക്ക് നിര ഗുജറാത്തിലെ സാംഗി പ്ലാന്റിൽ ഫ്ലാഗ് ഓഫ് ചെയ്തു. സിമന്റും ക്ലിങ്കറും കൊണ്ടുപോകുന്നതിനായി ആദ്യ ഘട്ടത്തിൽ 2027 മാർച്ചോടെ 410 ഇലക്ട്രിക് ട്രക്കുകൾ വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ നീക്കത്തിലൂടെ പ്രതിവർഷം 25,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം കുറയ്ക്കാനും 1.1 കോടി ലിറ്റർ (11 മില്യൺ) ഡീസൽ ഉപഭോഗം ഒഴിവാക്കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

2030-ഓടെ റോഡ് വഴിയുള്ള ചരക്കുനീക്കത്തിന്റെ 10 ശതമാനം ഇലക്ട്രിക് ട്രക്കുകളിലേക്ക് മാറ്റാനും വാഹനങ്ങളുടെ എണ്ണം 2,000-ത്തിലധികമായി ഉയർത്താനുമാണ് അദാനി സിമന്റിന്റെ പദ്ധതി. ഡീസൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് ചരക്കുനീക്ക ചെലവുകളെ സംരക്ഷിക്കുന്നതിനൊപ്പം ‘നെറ്റ്-സീറോ’ ലക്ഷ്യങ്ങളിലേക്ക് അതിവേഗം എത്താൻ ഈ മാറ്റം സഹായിക്കുമെന്ന് അദാനി ഗ്രൂപ്പ് സിമന്റ് ബിസിനസ് സിഇഒ വിനോദ് ബഹേതി പറഞ്ഞു.
Adani Cement launches its first heavy-duty electric truck fleet at its Sanghi plant in Gujarat, targeting over 2,000 EVs by 2030 to cut carbon emissions

