വിനോദസഞ്ചാരികൾക്കായി കൊച്ചി, മൂന്നാർ, തേക്കടി, കുമരകം, കോവളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഏഴ് ദിവസത്തെ പ്രത്യേക കേരള ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഡിസംബർ 13 മുതൽ 19 വരെ നടക്കുന്ന ‘ഗ്രാൻഡ് കേരള വിത്ത് ട്രിവാൻഡ്രം ടൂർ’ പാക്കേജിൽ അഹമ്മദാബാദ്-കൊച്ചി-തിരുവനന്തപുരം-അഹമ്മദാബാദ് റൂട്ടിലുള്ള വിമാന ടിക്കറ്റുകൾ, ഹോട്ടൽ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി ഡാം, തേക്കടിയിലെ സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, കുമരകത്തെ ഡീലക്സ് ഹൗസ് ബോട്ട് താമസം, കോവളം ബീച്ച്, ആഴിമല ക്ഷേത്രം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എന്നിവയാണ് പ്രധാന സന്ദർശന കേന്ദ്രങ്ങൾ.

ട്രിപ്പിൾ ഷെയറിംഗിൽ ഒരാൾക്ക് 59,100 രൂപ മുതലാണ് പാക്കേജ് നിരക്ക് ആരംഭിക്കുന്നത്. ട്വിൻ ഷെയറിംഗിന് 61,500 രൂപയും സിംഗിൾ ഷെയറിംഗിന് 83,400 രൂപയുമാണ് നിരക്ക്; കുട്ടികൾക്ക് പ്രത്യേക നിരക്കുകളും ലഭ്യമാണ്. പ്രഭാതഭക്ഷണവും അത്താഴവും (ഹൗസ് ബോട്ടിൽ ഉച്ചഭക്ഷണം ഉൾപ്പെടെ), ട്രാവൽ ഇൻഷുറൻസും പാക്കേജിൽ ഉൾപ്പെടുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസും ബോട്ടിംഗ് നിരക്കുകളും യാത്രക്കാർ സ്വന്തമായി വഹിക്കണം. യാത്രയ്ക്ക് 21 ദിവസം മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ 30 ശതമാനം തുക കുറച്ചുള്ള റീഫണ്ട് ലഭിക്കുന്ന ഗ്രേഡഡ് ക്യാൻസലേഷൻ നയവും ഐ.ആർ.സി.ടി.സി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
IRCTC launches a 7-day ‘Grand Kerala With Trivandrum Tour’ package featuring flight tickets, luxury hotel stays, and a houseboat cruise starting at ₹59,100.
