ഫെയർനെസ് ക്രീം ഉപയോഗത്തിന് പിന്നാലെ 17 വയസ്സുകാരിക്കും ഗായകൻ സലീം കോടത്തൂരിനും വൃക്കരോഗം ബാധിച്ചതായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേരളത്തിൽ അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കും വ്യാജ പ്രോട്ടീൻ പൗഡറുകൾക്കുമെതിരെ കർശന നടപടി. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ സംസ്ഥാന സർക്കാർ വ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ടു. ഫെയർനെസ് ക്രീമുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ടുപേർക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായുള്ള റിപ്പോർട്ടുകളാണ് നടപടിക്ക് കാരണമായത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. കടകളിലെ വിൽപ്പനയ്ക്ക് പുറമെ ഓൺലൈൻ വിപണനവും വിതരണ ശൃംഖലയും പരിശോധനയുടെ പരിധിയിൽ വരും.
ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17 വയസ്സുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായാണ് പരാതി.പെൺകുട്ടിയുടെ ശരീരത്തിൽ ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയതായും ഉപയോഗിച്ച ക്രീമിൽ അപകടകരമായ അളവിൽ ഈ ലോഹം അടങ്ങിയിരുന്നതായും ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മലപ്പുറം അരീക്കോട് പൊലീസ് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രീമിന്റെ നിർമ്മാതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുണ്ട്.
ഗായകൻ സലീം കോടത്തൂരും ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗം ബാധിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്.ഏകദേശം പത്ത് വർഷം മുമ്പാണ് സംഭവം നടന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ക്രീം ഉപയോഗിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായും മാസങ്ങളോളം ചികിത്സ തേടേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗമാണ് അദ്ദേഹത്തിനും സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ഈ രണ്ട് സംഭവങ്ങളാണ് സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വീണ്ടും ശക്തമാക്കിയത്.
മംഗളൂരു–കാസർകോട് മേഖല കേന്ദ്രീകരിച്ച് ഓൺലൈനിലൂടെ അംഗീകാരമില്ലാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങളും ആരോഗ്യ ഉൽപ്പന്നങ്ങളും കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.പാകിസ്ഥാനിൽനിന്ന് എത്തുന്നതായി റിപ്പോർട്ട് ചെയ്യുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമ്മാതാവിന്റെ പേര്, നിർമ്മാണ തീയതി, കാലാവധി അവസാനിക്കുന്ന തീയതി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾപോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനാണ് നിർദേശം.
നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനും ഉത്തരവാദികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനുമാണ് നിർദേശം. ഫെയർനെസ് ക്രീമുകൾ, മുഖസൗന്ദര്യം വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, ഫേസ് ഷീറ്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപണനത്തിനും പ്രത്യേക പരിശോധന ഉണ്ടാകും.
സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കൊപ്പം അംഗീകാരമില്ലാത്തതും വ്യാജവുമായ പ്രോട്ടീൻ പൗഡറുകളുടെ വിൽപ്പനയും സർക്കാർ പരിശോധിക്കും.
ശരീരബലം വർധിപ്പിക്കാനും പേശിവളർച്ചയ്ക്കും ശാരീരികക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ശാസ്ത്രീയ തെളിവുകളില്ലാത്ത അവകാശവാദങ്ങളിലൂടെ ആരോഗ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയാനും നടപടിയുണ്ടാകും.
സോഷ്യൽ മീഡിയയിലൂടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാകും.പണം വാങ്ങി വ്യാജമോ അപകടകരമോ ആയ ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്ന വ്ലോഗർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ നിയമനടപടി സ്വീകരിക്കാനാണ് നിർദേശം. ഉൽപ്പന്നത്തിന്റെ സുരക്ഷയും അംഗീകാരവും പരിശോധിക്കാതെ പരസ്യവാഗ്ദാനങ്ങൾ വിശ്വസിച്ച് വാങ്ങരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളോ പ്രോട്ടീൻ പൗഡറുകളോ വാങ്ങുമ്പോൾ നിർമ്മാതാവിന്റെ വിവരങ്ങൾ, ഉൽപ്പന്നത്തിന്റെ ഘടകങ്ങൾ, നിർമ്മാണ തീയതി, കാലാവധി, ആവശ്യമായ നിയമാനുസൃത വിവരങ്ങൾ എന്നിവ പരിശോധിക്കണം. ഉടൻ ഫലം ലഭിക്കുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങൾ മാത്രം വിശ്വസിച്ച് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ത്വക്കിന്റെ നിറം മാറ്റുമെന്ന് അവകാശപ്പെടുന്ന അംഗീകാരമില്ലാത്ത ക്രീമുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് മുന്നറിയിപ്പ്.
The Kerala government has ordered a statewide crackdown on unauthorised cosmetic products and counterfeit protein powders following reports of kidney disease in a 17-year-old girl and singer Saleem Kodathoor after using fairness creams. The State Drugs Controller has been directed to conduct inspections across all districts. Authorities have also been instructed to permanently revoke the licences of businesses selling illegal products and initiate criminal action against those promoting them through misleading advertisements.
