അതിവേഗം വളരുന്ന ഇന്ത്യൻ ഇലക്ട്രിക് വാഹന (EV) വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast) ഒരുങ്ങുന്നു. 2027-ന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് പ്രവേശിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള നിർമ്മാണ പ്ലാന്റിൽ തന്നെ ഇലക്ട്രിക് ടൂവീലറുകളും നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു.

2027 ആദ്യ പകുതിയോടെ രണ്ട് ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾ പുറത്തിറക്കുമെന്ന് വിൻഫാസ്റ്റ് ഇന്ത്യ ടൂവീലർ മാർക്കറ്റ് സിഇഒ അനുരാഗ് സക്സേന വ്യക്തമാക്കി. ബാറ്ററി സ്വാപ്പിംഗ് (Battery Swapping) സൗകര്യവും ഇവയിൽ ഉണ്ടായേക്കും. ഇതിനായി തൂത്തുക്കുടി പ്ലാന്റിൽ പ്രത്യേക പ്രൊഡക്ഷൻ ലൈൻ സജ്ജീകരിച്ചു കഴിഞ്ഞു. വിവിധ നഗരങ്ങളിൽ ഡീലർഷിപ്പ് പങ്കാളിത്തത്തിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
നിലവിൽ VF 6, VF 7, VF MPV 7, ലിമോ ഗ്രീൻ (Limo Green) എന്നീ നാല് ഇലക്ട്രിക് കാറുകളാണ് വിൻഫാസ്റ്റ് ഇന്ത്യയിൽ വിൽക്കുന്നത്. ആദ്യമായി കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് അടുത്ത വർഷം ആദ്യം കോംപാക്റ്റ് എസ്യുവിയായ VF 5 വിപണിയിലെത്തിക്കുമെന്ന് വിൻഫാസ്റ്റ് ഏഷ്യ സിഇഒ തപൻ ഘോഷ് പറഞ്ഞു. പ്രതിവർഷം കുറഞ്ഞത് രണ്ട് പുതിയ കാർ മോഡലുകളെങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
തൂത്തുക്കുടി പ്ലാന്റിലെ വാർഷിക ഉൽപ്പാദന ശേഷി 50,000 യൂണിറ്റായി പൂർണ്ണതോതിൽ എത്തിക്കാനും ഭാവിയിൽ ഇത് 1,50,000 യൂണിറ്റായി ഉയർത്താനും പദ്ധതിയുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ മറ്റ് ഏഷ്യൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു. പ്രാദേശികമായി ഘടകങ്ങൾ സംഭരിക്കുന്നത് (Local Sourcing) നിലവിലെ 15 ശതമാനത്തിൽ നിന്ന് ഇരട്ടിയാക്കും.
ഇന്ത്യയിൽ ഇതുവരെ 500 മില്യൺ ഡോളർ നിക്ഷേപിച്ച വിൻഗ്രൂപ്പ് (VinGroup), ചാർജിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ മേഖലകളിലായി ആകെ 2 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്ലാന്റ് വിപുലീകരിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി ചേർന്ന് 500 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി 2029 വരെ സൗജന്യ ചാർജിംഗ്, ദീർഘകാല ബാറ്ററി ഗ്യാരണ്ടി, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ശേഷം ഉപയോഗിച്ച വിൻഫാസ്റ്റ് വാഹനങ്ങൾ തിരിച്ചെടുക്കുന്ന ബൈ-ബാക്ക് (Buy-back) പദ്ധതി എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇരുചക്രവാഹന ഉപഭോക്താക്കൾക്കും ഇതേ ആനുകൂല്യങ്ങൾ ലഭ്യമാകും.
Vietnamese automaker VinFast is set to strengthen its presence in India’s electric vehicle market by entering the electric two-wheeler segment in the first half of 2027. The company plans to manufacture its electric two-wheelers at its existing production facility in Thoothukudi, Tamil Nadu, as part of its expansion strategy in India.
