ശബരിമല തീർഥാടനം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായവുമായി കേരള സർക്കാർ. തീർഥാടകർക്ക് യാത്രാവഴികളും വിശ്രമകേന്ദ്രങ്ങളും ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന SARAN ഡിജിറ്റൽ പ്ലാറ്റ്ഫോം തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി.

ശബരിമല തീർഥാടകർക്ക് യാത്രാവിവരങ്ങളും അടിസ്ഥാന സൗകര്യങ്ങളും അടിയന്തര സേവനങ്ങളും എളുപ്പത്തിൽ കണ്ടെത്താനാണ് പുതിയ ഡിജിറ്റൽ സംവിധാനം. കേരള തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ SARAN പ്ലാറ്റ്ഫോമിൽ ആറ് ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. പ്രത്യേക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാതെ QR കോഡ് സ്കാൻ ചെയ്ത് സേവനങ്ങൾ ഉപയോഗിക്കാം.
Sabarimala Assistance and Route Advisory Network എന്നതിന്റെ ചുരുക്കപ്പേരാണ് SARAN. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഐടി വിഭാഗമാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരെയും പരിഗണിച്ചാണ് ബഹുഭാഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ആറ് ഭാഷകളിലാണ് സേവനം ലഭ്യമാകുന്നത്.തീർഥാടകർക്ക് സ്വന്തം ഭാഷയിൽ യാത്രാസംബന്ധമായ വിവരങ്ങൾ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.
SARAN ഉപയോഗിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. QR കോഡ് സ്കാൻ ചെയ്താൽ മൊബൈൽ ബ്രൗസറിലൂടെ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാം. ആവശ്യമെങ്കിൽ മൊബൈൽ ഫോണിന്റെ ഹോം സ്ക്രീനിൽ സേവനത്തിന്റെ ഷോർട്ട്കട്ട് ചേർക്കാനും കഴിയും.ഇതിലൂടെ യാത്രയ്ക്കിടെ ആവശ്യമായ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താം.
തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രങ്ങളുടെ വിവരങ്ങളാണ് SARAN-ന്റെ പ്രധാന സവിശേഷതകളിലൊന്ന്. ലൊക്കേഷൻ അടിസ്ഥാനമാക്കി ഏറ്റവും അടുത്തുള്ള വിശ്രമകേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. ഓരോ കേന്ദ്രത്തിലെയും ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയും ലഭ്യമായ സൗകര്യങ്ങളും പരിശോധിക്കാം. കുടിവെള്ളം, ശുചിമുറികൾ, കുളിക്കാനുള്ള സൗകര്യം, പാർക്കിങ്, മൊബൈൽ ചാർജിങ് പോയിന്റുകൾ, സന്നദ്ധപ്രവർത്തകരുടെ സേവനം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ വിവരങ്ങളും ലഭിക്കും. വിശ്രമകേന്ദ്രത്തിന്റെ പേരോ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ പേരോ നൽകി തിരയാനും സംവിധാനമുണ്ട്.
തീർഥാടനത്തിനിടെ അടിയന്തര സഹായം ആവശ്യമായി വന്നാൽ അടുത്തുള്ള സേവനകേന്ദ്രങ്ങൾ കണ്ടെത്താനും SARAN സഹായിക്കും. ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, എടിഎമ്മുകൾ, പെട്രോൾ പമ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവയുടെ ലൊക്കേഷൻ വിവരങ്ങൾ തത്സമയ മാപ്പിലൂടെ ലഭിക്കും. ഈ കേന്ദ്രങ്ങളിലേക്കുള്ള വഴി ഗൂഗിൾ മാപ്സിന്റെ സഹായത്തോടെ കണ്ടെത്താനും കഴിയും.
ശബരിമലയിലെ ദിവസേനയുള്ള പൂജാസമയങ്ങൾ പ്ലാറ്റ്ഫോമിന്റെ ഹോം സ്ക്രീനിൽ പ്രദർശിപ്പിക്കും. അന്നദാനം, പ്രത്യേക ബസ് സർവീസുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രാദേശിക അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങളും സംവിധാനത്തിലൂടെ ലഭ്യമാക്കും. യാത്ര ആസൂത്രണം ചെയ്യാനും ആവശ്യമായ സേവനങ്ങൾ മുൻകൂട്ടി കണ്ടെത്താനും ഇത് തീർഥാടകരെ സഹായിക്കും.
വിശ്രമകേന്ദ്രങ്ങളിലെ ശുചിത്വം തീർഥാടകർക്ക് വിലയിരുത്താനുള്ള സൗകര്യവും SARAN-ൽ ഒരുക്കിയിട്ടുണ്ട്. സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ ഡിജിറ്റൽ സംവിധാനത്തിലൂടെ അറിയിക്കാനും കഴിയും. ഇത് തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർക്ക് യാത്രാസംബന്ധമായ വിവരങ്ങൾ സ്വന്തം ഭാഷയിൽ ലഭ്യമാക്കുന്നത് വലിയ സൗകര്യമാണ്. വിശ്രമകേന്ദ്രങ്ങൾ മുതൽ അടിയന്തര സേവനങ്ങൾ വരെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കണ്ടെത്താൻ കഴിയുന്നത് യാത്രയ്ക്കിടയിലെ ആശയക്കുഴപ്പം കുറയ്ക്കാൻ സഹായിക്കും.
The Kerala government has launched SARAN, a multilingual digital platform designed to make the Sabarimala pilgrimage safer and more convenient. Available in six languages Malayalam, English, Tamil, Telugu, Kannada, and Hindi. The platform provides information on rest centres, drinking water, toilets, parking, hospitals, and transportation facilities. Pilgrims can access the service through a QR code without downloading an app. It also features live maps, daily pooja timings, and an online complaint registration facility.
