ശത്രുക്കളുടെ വ്യോമപ്രതിരോധം തകർക്കാൻ ശബ്ദത്തേക്കാൾ 8 മടങ്ങ് വേഗതയുള്ള ഹൈപ്പർസോണിക് മിസൈൽ ഒരുങ്ങുന്നു. പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യയെ ആഗോള വൻശക്തികളുടെ നിരയിലേക്ക് ഉയർത്തുന്ന നിർണ്ണായക പദ്ധതിയായ ‘പ്രൊജക്ട് വിഷ്ണു’ (Project Vishnu) ആദ്യഘട്ട വികസനത്തിലേക്ക് കടക്കുന്നിരിക്കുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആർ.ഡി.ഒ (DRDO) തദ്ദേശീയമായി വികസിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ പവേർഡ് ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ പദ്ധതിയാണിത്. ET-LDHCM (Extended Trajectory–Long Duration Hypersonic Cruise Missile) എന്നറിയപ്പെടുന്ന ഈ അത്യാധുനിക മിസൈൽ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഹൈപ്പർസോണിക് സാങ്കേതികവിദ്യയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.

കഴിഞ്ഞ ആറ് വർഷത്തിനിടെ സ്ക്രാംജെറ്റ് (Scramjet) എൻജിൻ പരീക്ഷണങ്ങളിൽ ഡി.ആർ.ഡി.ഒ വിസ്മയകരമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. കേവലം 20 സെക്കൻഡ് നീണ്ടുനിന്ന പരീക്ഷണങ്ങളിൽ നിന്ന് തുടങ്ങി, 2026 ജനുവരിയിൽ 700 സെക്കൻഡും (12 മിനിറ്റിലധികം), തുടർന്ന് മെയ് മാസത്തിൽ 1,200 സെക്കൻഡും (20 മിനിറ്റ്) തുടർച്ചയായി പ്രവർത്തിക്കുന്ന പൂർണ്ണതോതിലുള്ള സ്ക്രാംജെറ്റ് എൻജിൻ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ചു. അന്തരീക്ഷത്തിലെ ഓക്സിജൻ ഉപയോഗിച്ച് ഇന്ധനം ജ്വലിപ്പിക്കുന്ന (Air-breathing) ഈ സാങ്കേതികവിദ്യയിലൂടെ ദീർഘദൂരം അതിവേഗത്തിൽ സഞ്ചരിക്കാൻ മിസൈലിന് സാധിക്കും. പദ്ധതിക്ക് അന്തിമ ഔദ്യോഗിക അനുമതികൾ ലഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏകദേശം 5,000 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി 2026 ഏപ്രിൽ മുതൽ H1 ബൂസ്റ്ററും സ്ക്രാംജെറ്റ് എൻജിനും സംയോജിപ്പിക്കുന്നതിനുള്ള പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ഡി.ആർ.ഡി.ഒ ആരംഭിച്ചു കഴിഞ്ഞു.
തുടക്കം മുതൽ തന്നെ മാക്-8 (Mach-8) അഥവാ ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗതയിൽ (മണിക്കൂറിൽ ഏകദേശം 11,000 കിലോമീറ്റർ) സഞ്ചരിക്കാൻ ഈ മിസൈലിന് സാധിക്കും. ഇത് ഇന്ത്യയുടെ നിലവിലെ ഏറ്റവും വേഗതയേറിയ മിസൈലായ ബ്രഹ്മോസിനേക്കാൾ (Mach-3) ഏകദേശം മൂന്ന് മടങ്ങ് അധികമാണ്. 1,500 കിലോമീറ്ററിലധികം ദൂരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ പ്രൊജക്ട് വിഷ്ണുവിന് സാധിക്കും. ഭാവിയിൽ ഇത് 2,000 മുതൽ 2,500 കിലോമീറ്റർ വരെയായി വർദ്ധിപ്പിക്കാനും സാധിക്കും. താഴ്ന്നു പറക്കാനുള്ള ശേഷിയും (Low-altitude flight), യാത്രാമധ്യേ അപ്രതീക്ഷിതമായി ദിശ മാറാനുള്ള കഴിവും (Mid-air maneuvering) ഉള്ളതിനാൽ ശത്രുക്കളുടെ S-400, THAAD തുടങ്ങിയ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് പോലും ഇതിനെ തടയുക അസാധ്യമായിരിക്കും.
India’s Defence Research and Development Organisation (DRDO) is developing the country’s first indigenously powered hypersonic cruise missile, designed to travel at eight times the speed of sound (Mach 8). Once successfully developed and operational, the advanced missile system is expected to strengthen India’s defence capabilities and place the country among a select group of nations, including the United States, Russia, and China, possessing advanced hypersonic missile technology.
