കൊല്ലം തുറമുഖത്തിന് പ്രത്യാശ നൽകി വികസന സാദ്ധ്യതകൾ പരിശോധിച്ചു മിഷൻ സമുദ്ര.തുറമുഖത്തെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും ചരക്കുനീക്കവും കൈകാര്യം ചെയ്യലും വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുമായി തുറമുഖ, മാരിടൈം, വിഴിഞ്ഞം ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. തുറമുഖത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കൽ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മറ്റ് തുറമുഖങ്ങളുമായും ഉൾനാടൻ ഗതാഗത ശൃംഖലയുമായും ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ സാധ്യതകളും സംഘം വിലയിരുത്തി.

തൊഴിൽ, മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ ഐഎഎസ്, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടറുമായ ജെറോമിക് ജോർജ് ഐഎഎസ്, കൊല്ലം ജില്ലാ കളക്ടർ ആനി ജൂല തോമസ് ഐഎഎസ്, കൊല്ലം മേയർ എ. കെ. ഹഫീസ്, കേരള മാരിടൈം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ് കെ. എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊല്ലം തുറമുഖം സന്ദർശിച്ചു.

കേരളത്തെ സമഗ്രമായ മാരിടൈം സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ബജറ്റിൽ പ്രഖ്യാപിച്ച അഞ്ചുവർഷത്തെ പദ്ധതി മിഷൻ സമുദ്ര ലക്ഷ്യമിടുന്നത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, സംസ്ഥാനത്തെ 18 ചെറുകിട തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗത ശൃംഖല എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വികസനമാണ്.

മിഷൻ സമുദ്രയുടെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉപഗ്രഹ തുറമുഖമായി കൊല്ലത്തെ വികസിപ്പിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. തീരദേശ ചരക്കുനീക്കം, വ്യവസായ-മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ, ഉൾനാടൻ ജലഗതാഗത ബന്ധം, സമുദ്ര വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകും.
കൊല്ലം തുറമുഖത്തിന്റെ സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനും സംസ്ഥാനത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വളർച്ചയിൽ തുറമുഖത്തിന് കൂടുതൽ പ്രാധാന്യമുള്ള പങ്ക് ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്
കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ വാണിജ്യപരമായി പ്രയോജനപ്രദമായ സമുദ്രവികസന കേന്ദ്രങ്ങളാക്കി മാറ്റുകയും വിഴിഞ്ഞം തുറമുഖത്തിന് പൂരകമായി സംസ്ഥാനത്തിന്റെ തീരദേശ ചരക്കുഗതാഗത-ലോജിസ്റ്റിക്സ് ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന മിഷൻ സമുദ്രയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് കൊല്ലം തുറമുഖ വികസനം.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങൾ, തമിഴ്നാട്ടിലെ തെങ്കാശി എന്നിവ ഉൾപ്പെടുന്ന വിശാലമായ പിന്നാമ്പുറ മേഖലയ്ക്ക് ചരക്കുഗതാഗത സൗകര്യമൊരുക്കാൻ കൊല്ലം തുറമുഖത്തിന് വലിയ സാധ്യതകളുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാൽ പാതയ്ക്ക് സമീപമുള്ള സ്ഥാനവും ദേശീയ ജലപാത മൂന്നിന്റെ (വെസ്റ്റ് കോസ്റ്റ് കനാൽ) തെക്കേ അറ്റത്തുള്ള സ്ഥിതിയും തുറമുഖത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
നിലവിലുള്ള രണ്ട് വാർഫുകൾ, ഏകദേശം പത്ത് ഏക്കർ വിസ്തൃതിയുള്ള ചരക്ക് സംഭരണ യാർഡ്, രണ്ട് ട്രാൻസിറ്റ് ഷെഡുകൾ, ചരക്കുനീക്കത്തിനുള്ള ഉപകരണങ്ങൾ എന്നിവയുടെ കൂടുതൽ ഫലപ്രദമായ വിനിയോഗത്തിനുള്ള സാധ്യതകളും വിലയിരുത്തി. സ്ഥിരമായ ചരക്കുനീക്കം ഉറപ്പാക്കുന്നതിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോജിസ്റ്റിക്സ് വിപുലീകരണ കേന്ദ്രമായി കൊല്ലത്തെ വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും സന്ദർശനത്തിന്റെ ഭാഗമായി പരിശോധിച്ചു.
Mission Samudra aims to revitalise Kollam Port by developing it as a satellite port of Vizhinjam International Seaport. Senior port, maritime and Vizhinjam officials visited the facility to assess existing infrastructure and explore opportunities to expand cargo handling, improve operational efficiency and strengthen logistics connectivity. The initiative will focus on coastal cargo movement, industrial and fisheries-related logistics, inland waterway connectivity and maritime tourism, positioning Kollam as a key component of Kerala’s maritime ecosystem.
