കേരളത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവാണ് ഇൻവെസ്റ്റ് കേരള എന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിങ്ങൾ കേരളത്തിന് ഒപ്പമുണ്ടോ എന്നതാണ് ഇപ്പോഴത്തെ വിഷയം. ഒഴിഞ്ഞുമാറുന്നവർ ഒറ്റപ്പെടുമെന്നും പി. രാജീവ് പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കവേ, ഇൻവെസ്റ്റ് കേരള വെറും ഒരു ഷോ അല്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന മുന്നേറ്റമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച പങ്കാളിത്തവും പ്രൊപ്പോസൽസുമാണ് ഇൻവെസ്റ്റ് കേരളയിലൂടെ നേടാനായത്. കേന്ദ്ര ഗവൺമെന്റിന്റെ റോഡ് വികസന പ്രഖ്യാപനം, അദാനി ഗ്രൂപ്പിന്റെ 30000 കോടി രൂപയുടെ പ്രഖ്യാപനം തുടങ്ങിയവ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് തന്നെ വന്നു. മറ്റ് നിക്ഷേപകരിൽ നിന്നും കേരളം നലിയ പ്രതീക്ഷ പുലർത്തുന്നു. പരമാവധി യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നിക്ഷേപങ്ങളുമായാണ് മുന്നോട്ടു പോകുക. ഇങ്ങനെ കേരളത്തിന്റെ സാമ്പത്തിക മണ്ഡലത്തിലെ തന്നെ വഴിത്തിരിവാണ് ഇൻവെസ്റ്റ് കേരളയിലൂടെ സാധിച്ചതെന്ന് മന്ത്രി രാജീവ് പറഞ്ഞു. തുടർഭരണം വലിയ ആത്മവിശ്വാസം സൃഷ്ടിച്ചു. നയങ്ങൾ തുടരുന്നതിലും അതുമായി മുന്നോട്ടു പോകുന്നതിലുമുള്ള ആത്മവിശ്വാസം തുടർഭരണത്തിലൂടെ വർധിച്ചു. നിക്ഷേപകരിലേക്കും ഈ ആത്മവിശ്വാസം പകരാൻ തുടർഭരണം കാരണമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർക്കും ഒഴിഞ്ഞുമാറാനാവാത്ത ഒരു ഘട്ടത്തിലേക്കാണ് കേരളത്തിന്റെ വികസനം എത്തുന്നത് എന്ന് വികസനനേട്ടങ്ങളിൽ പ്രതിപക്ഷത്തിനു കൂടി പങ്കുണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മന്ത്രി രാജീവ് പറഞ്ഞു. ഒഴിഞ്ഞുമാറുന്നവർ ഒറ്റപ്പെട്ടു പോകും എന്ന രൂപത്തിലേക്ക് ജനങ്ങളുടേയും സമൂഹത്തിന്റേയും പൊതുബോധം മാറിയിരിക്കുന്നു. നിങ്ങൾ കേരളത്തിനൊപ്പം ഉണ്ടോ എന്ന ചോദ്യം ഉയരുമ്പോൾ ഞങ്ങൾ മാറി നിന്നു എന്ന് ഉത്തരം നൽകിയാൽ നിങ്ങൾ കേരളത്തിനൊപ്പം നിന്നില്ല എന്നാണ് അർത്ഥം. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്നു മാത്രമേ മുന്നോട്ടു പോകാനാകൂ. ഇത്തരമൊരു കാഴ്ചപ്പാട് ശക്തിപ്പെടുത്തിയത് കൂടിയാണ് ഇൻവെസ്റ്റ് കേരളയുടെ പ്രധാന നേട്ടം. കേരളവും കേന്ദ്രവും പ്രതിപക്ഷവും മാധ്യമങ്ങളും എല്ലാം ഒറ്റക്കെട്ടായി നിന്നു എന്നതാണ് ഇൻവെസ്റ്റ് കേരളയെ വേറിട്ടു നിർത്തുന്നതെന്ന് രാജീവ് പറഞ്ഞു.
Kerala Industries Minister P. Rajeev calls Invest Kerala a historic turning point, emphasizing unity among the state, Centre, opposition, and media to drive economic growth.