കേന്ദ്ര ബജറ്റിൽ ‘ഓറഞ്ച് ഇക്കോണമി’യെ തൊഴിലും സേവനമേഖലാ വളർച്ചയും നയിക്കുന്ന പുതിയ ശക്തിയായി മുന്നോട്ടുവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആനിമേഷൻ, വിഎഫ്എക്സ് (VFX), ഗെയിമിംഗ്, കോമിക്‌സ് (AVCG) മേഖലകളിൽ വലിയ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്താകമാനം 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും AVCG കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.

2030ഓടെ ഏകദേശം 20 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുന്ന വളർച്ചാമേഖലയാണ് ഇതെന്നും, സൃഷ്ടിപരമായ വ്യവസായങ്ങൾ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ആശയങ്ങൾ, കലാപ്രകടനങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയെ ആധാരമാക്കിയുള്ള ക്രിയേറ്റീവ് വ്യവസായങ്ങളെയാണ് ‘ഓറഞ്ച് ഇക്കോണമി’ എന്ന് വിളിക്കുന്നത്. സാമ്പത്തിക സർവേ 2025–26ൽ വ്യക്തമാക്കിയ ആശയങ്ങളെ തുടർന്നാണ് ഈ നീക്കം.
സംസ്കാരം, മീഡിയ, വിനോദം, ബൗദ്ധികസ്വത്തവകാശം എന്നിവയെ ആധാരമാക്കിയ സൃഷ്ടിപരമായ വ്യവസായങ്ങൾ നഗരസേവനങ്ങളും ടൂറിസവും ശക്തിപ്പെടുത്തുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ‘ഓറഞ്ച് ഇക്കോണമി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മേഖലകൾ ഭൗതിക ഉത്പന്നങ്ങളേക്കാൾ ആശയങ്ങളെയും സാംസ്കാരിക മൂലധനത്തെയും ആശ്രയിച്ചുള്ളവയാണ്. കണ്ടന്റ് ക്രിയേറ്റർ ലാബുകൾ പോലുള്ള നൈപുണ്യ വികസന പദ്ധതികളും നയപിന്തുണയും ലഭിച്ചാൽ, ഇന്ത്യക്ക് ക്രിയേറ്റിവിറ്റിയെ ദീർഘകാല തൊഴിൽസ്രോതസ്സായും സാമ്പത്തിക മൂല്യമായും മാറ്റാൻ കഴിയുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു.
Finance Minister Nirmala Sitharaman provides a massive boost to the ‘Orange Economy’ in Budget 2026. With a focus on AVGC (Animation, VFX, Gaming, Comics), the government plans 15,000 creator labs in schools to tap into 2 million potential jobs by 2030.
