ഭൂകമ്പവും പ്രളയവും നാശം വിതച്ച അഫ്ഗാനിസ്ഥാന് അടിയന്തര മാനുഷിക സഹായമെത്തിച്ച് ഇന്ത്യ. അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയെ സഹായിക്കുന്നതിനായി അടുക്കള ഉപകരണങ്ങൾ, ശുചിത്വ കിറ്റുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, സ്ലീപ്പിംഗ് ബാഗുകൾ തുടങ്ങിയ ദുരിതാശ്വാസ സാമഗ്രികളാണ് (HADR) ഇന്ത്യ കൈമാറിയത്. വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടത്തിൽ അഫ്ഗാൻ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും മാനുഷികമായ എല്ലാ പിന്തുണയും തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അഫ്ഗാനിസ്ഥാനിലെ 25 പ്രവിശ്യകളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 35 പേർ മരിച്ചതായും 52 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിലും നിരവധി പേർ മരിക്കുകയും അനവധി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. കാബൂൾ പ്രവിശ്യയിലെ ഗോസ്ഫന്ദ് ദാര മേഖലയിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്ഷാൻ കേന്ദ്രമായി ഉണ്ടായ ഈ ഭൂകമ്പം 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
പ്രകൃതിക്ഷോഭങ്ങളെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഏകദേശം 131 വീടുകൾ പൂർണ്ണമായും 650 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഏക്കർ കണക്കിന് കൃഷിഭൂമിയെ വെള്ളപ്പൊക്കം ബാധിച്ചു. ഇപ്പോഴും പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുട്ടികളുമായി സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ അഭയം തേടേണ്ടി വന്നതായും അടിയന്തര സഹായം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
