ലോൺ ആപ്പുകളുടെ കെണിയിൽ വീഴരുത്. വേണ്ടത് ജാഗ്രത. ലോൺ ആപ്പുകാരുടെ തട്ടിപ്പിലും ഭീഷണിയിലും നിരവധിയാളുകൾ കുടുങ്ങുന്ന സാഹചര്യത്തിൽ കേരള പോലീസിൻ്റെ ഈ മുന്നറിയിപ്പ് ഗൗരവകരമായി എടുക്കണം . ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും കേരള പോലീസ് അറിയിച്ചിട്ടുണ്ട്. ബാക്കി എല്ലാം മൊബൈൽ ഉപഭോക്താക്കളുടെ കൈയിലാണ്.
കണ്ണൂർ ദന്തൽ കോളേജ് വിദ്യാർഥി നിധിൻ രാജിൻ്റെ മരണത്തിൽ ഉൾപ്പെടെ ലോൺ ആപ്പിന് പങ്കുണ്ടെന്ന റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വളരെയേറെ നടക്കുന്ന ഈ കാലത്തു ഏറെ പേരും ചതിക്കുഴിയിൽ വീഴുന്നത് ലോൺ ആപ്പ് തട്ടിപ്പിലാണ്. സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പാണ് അതീവ അപകടകരം . എളുപ്പത്തിൽ ലോൺ ലഭിക്കുമെന്ന പരസ്യങ്ങളുടെ പിന്നാലെ ഇത്തരം ഒരുപാട് ആപ്പുകൾ ധാരാളം പേർ ഉപയോഗിക്കുകയും തട്ടിപ്പിൽ പെടുകയും ചെയ്യുന്നുണ്ട്. സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവരെയാണ് ലോൺ ആപ്പുകൾ ലക്ഷ്യമിടുന്നത്.
സ്വകാര്യ വിവരങ്ങൾ ദയവായി അപരിചിതരുമായി പങ്കു വയ്ക്കരുത്.ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ തട്ടിപ്പുകാർ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോൺടാക്ട് വിവരങ്ങൾ എടുക്കാനുമൊക്കെയുള്ള അനുവാദം അവർ ചോദിക്കും. ആപ്പ് ഉപയോഗിച്ച് ഫോണിൽ നിന്ന് അവർ നിങ്ങളുടെ ഫോട്ടോ അടക്കം സ്വകാര്യ വിവരങ്ങൾ കൈക്കലാക്കി ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.
വായ്പ നൽകിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മർദ്ദതന്ത്രത്തിൻ്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവർ നിയമവിരുദ്ധമായി തന്നെ ഉപഭോക്താക്കൾക്കെതിരെ ഉപയോഗിച്ചേക്കാം. ഓർക്കുക, നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങൾ അവരിൽ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോൺ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുത്. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ എത്രയും വേഗം 1930 എന്ന ഫോൺ നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കണമെന്നും കേരള പോലീസ് പറഞ്ഞു.
ഓൺലൈൻ ട്രേഡിങ്ങിലൂടെയും മറ്റും നേടിയെടുക്കുന്ന പണം ആന്ധ്ര, കർണാടകം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകളിലേക്കാണ് സംഘം ആദ്യം മാറ്റുക. തുടർന്ന് ഇരുപതോ മുപ്പതോ അക്കൗണ്ടുകളിലേക്ക് കൈമാറും. ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റി ഗൾഫിൽവച്ച് അത് വീണ്ടും പണമാക്കി തിരികെ മാറ്റുകയും ചെയ്യും. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്തിയാൽ തന്നെ അവരിൽ നിന്നും തട്ടിയെടുത്ത തുക തിരികെ ഈടാക്കാൻ സാധ്യത വിരളമാണ്.
Don’t fall into the trap of instant loan apps! Learn how scammers use your private data for extortion and what the Kerala Police advises if you’re targeted. Call 1930 immediately for cyber assistance
