പശ്ചിമ ബംഗാൾ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ടാറ്റാ ഗ്രൂപ്പിനെ ഹൂഗ്ലിയിലെ സിംഗൂരിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ബിജെപി. ടാറ്റാ ഗ്രൂപ്പ് ബംഗാളിലേക്ക് മടങ്ങിവരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ വ്യക്തമാക്കി.

മുൻപ് ടാറ്റാ മോട്ടോഴ്സ് ബംഗാൾ വിട്ടുപോയതും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റിയതും ആഗോളതലത്തിൽ സംസ്ഥാനത്തിന് തെറ്റായ സന്ദേശമാണ് നൽകിയത്. ടാറ്റയെ തിരികെ എത്തിക്കുന്നതിലൂടെ ഈ തെറ്റായ ധാരണ തിരുത്താൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും ഷമിക് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.
2006-ൽ അന്നത്തെ ഇടതുപക്ഷ സർക്കാർ നാനോ കാർ ഫാക്ടറിക്കായി സിംഗൂരിൽ ഭൂമി ഏറ്റെടുത്തതിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രക്ഷോഭത്തെ തുടർന്നാണ് 2008-ൽ ടാറ്റ പദ്ധതി ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് മാറിയത്. ഈ സംഭവം ബംഗാൾ രാഷ്ട്രീയത്തിലും വ്യവസായ മേഖലയിലും വലിയ തിരിച്ചടിയായിരുന്നു.
എന്നാൽ കർഷക പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന സിംഗൂരിൽ ഇപ്പോൾ വ്യവസായം വരണമെന്ന് നാട്ടുകാർ തന്നെ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ടാറ്റാ ഗ്രൂപ്പിനെ സിംഗൂരിലേക്ക് തന്നെ തിരികെ എത്തിച്ച് ബംഗാളിന്റെ വ്യവസായ പുരോഗതിക്ക് ബിജെപി മുൻകൈ എടുക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്
The BJP in West Bengal, led by state chief Samik Bhattacharya, is pushing to bring the Tata Group back to Singur to boost industrial growth and correct the state’s image
