ഇന്ത്യയെ ആഗോള ചിപ് നിർമ്മാണ കേന്ദ്രമാക്കി മാറ്റാനായി അഞ്ച് വലിയ നിർമ്മാതാക്കളും മൂന്ന് പ്രധാന മെറ്റീരിയൽ കമ്പനികളും അടങ്ങുന്ന വിപുലമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഫാബ്രിക്കേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, രാസവസ്തുക്കൾ, ഉപകരണങ്ങൾ, പാക്കേജിംഗ്, ചിപ്പ് ഡിസൈൻ എന്നിവയുൾപ്പെടെയുള്ള മുഴുവൻ സപ്ലൈ ചെയിനും വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

നിലവിൽ 40 നാനോമീറ്റർ (nm) സാങ്കേതികവിദ്യയിലുള്ള ശേഷി അടുത്ത എട്ട് വർഷത്തിനുള്ളിൽ അത്യാധുനികമായ 7nm, 3nm സാങ്കേതികവിദ്യകളിലേക്ക് ഉയർത്താനും രാജ്യം പദ്ധതിയിടുന്നുണ്ട്. ഈ പദ്ധതിയിലൂടെ നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇതിനോടകം തന്നെ 85,000ത്തോളം എൻജിനീയർമാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെയും നിരവധി സ്റ്റാർട്ടപ്പുകളുടെയും വലിയ പങ്കാളിത്തം ഈ മേഖലയിൽ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള 20 വർഷത്തെ മാസ്റ്റർപ്ലാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മിഷനിലൂടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖല വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്.
അതേസമയം, ലോകപ്രശസ്ത സെമികണ്ടക്ടർ ഉപകരണ നിർമ്മാതാക്കളായ എ.എസ്.എം.എൽ (ASML) ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. ‘സെമികോൺ ഇന്ത്യ 2026’ വേദിയിലാണ് കമ്പനി തങ്ങളുടെ ഇന്ത്യൻ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചത്. പ്രാരംഭ ഘട്ടത്തിൽ 20 മുതൽ 30 വരെ യുവ എൻജിനീയറിങ് ബിരുദധാരികളെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ടാറ്റ ഇലക്ട്രോണിക്സിന്റെ ചിപ്പ് യൂണിറ്റിന്റെ വിജയവും ഇന്ത്യയുടെ സെമികണ്ടക്ടർ രംഗത്തെ വിപുലമായ ലക്ഷ്യങ്ങളും ആശ്രയിച്ചായിരിക്കും തങ്ങളുടെ ഭാവി വിപുലീകരണമെന്ന് എ.എസ്.എം.എൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻ കിയാത് യാപ്പ് വ്യക്തമാക്കി. സിലിക്കൺ വേഫറുകളിൽ സർക്യൂട്ടുകൾ നിർമ്മിക്കാൻ സഹായിക്കുന്ന അത്യാധുനിക ലിത്തോഗ്രാഫി സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽത്തന്നെ കുത്തകയുള്ള കമ്പനിയാണിത്. പുതിയ ചിപ്പ് ഉൽപ്പാദന പദ്ധതിയുടെ കീഴിൽ 12 ബില്യൺ ഡോളറിന്റെ നിക്ഷേപ നിർദ്ദേശങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിട്ടുണ്ട്.
Union Minister Ashwini Vaishnaw outlines India’s masterplan to build a global semiconductor ecosystem targeting 5 chipmakers, 3 material suppliers, and over 1 lakh jobs.
