അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും തടയുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇതനുസരിച്ച് ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കുറഞ്ഞ സമയ ഇടവേള പാലിക്കണം. നഗരങ്ങളില്‍ 5 മിനിറ്റും ഗ്രാമീണ പാതകളില്‍ 10 മിനിറ്റും ആയിരിക്കും ഈ ഇടവേള. ഇതുവഴി കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനായുള്ള ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും തടയാനാകുമെന്നാണ് വിലയിരുത്തൽ.

ജിപിഎസ് സഹായത്തോടെ ആപ്പുകള്‍ വഴിയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയുമാണ് തത്സമയ ലൊക്കേഷനുകളും സമയക്രമവും നിരീക്ഷിക്കുക. നിലവില്‍ സംസ്ഥാനത്ത് ഏകദേശം 7,000 സ്വകാര്യ ബസുകളും 4,468 കെഎസ്ആര്‍ടിസി ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി സ്വകാര്യ ബസ് ഉടമകളില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ നിന്നും ട്രിപ്പ് ഷെഡ്യൂളുകള്‍ ശേഖരിക്കുന്ന പ്രവൃത്തികള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പുതിയ സംവിധാനം ആരംഭിക്കുന്നതിന് മുന്നോടിയായി റൂട്ടുകളിലെ കൃത്യവും സുരക്ഷിതവുമായ സമയക്രമം തയ്യാറാക്കാന്‍ ഈ വിവരങ്ങള്‍ സോഫ്റ്റ്വെയറിലേക്ക് നല്‍കും.
Kerala State Transport Authority enforces mandatory GPS-monitored time gaps between buses starting November 1 to curtail reckless driving and competitive racing.
