ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബി.വൈ.ഡിയുടെ (BYD) പ്രീമിയം ബ്രാൻഡായ ഡെൻസ (Denza), പുതിയ ‘ഡെൻസ സെഡ്9എസ്’ (Denza Z9S) സെഡാൻ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന റേഞ്ചായ 1,100 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനം ചൈനയിൽ 37,600 ഡോളർ മുതൽ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. സിംഗിൾ-മോട്ടർ, ട്രൈ-മോട്ടർ ഓപ്ഷനുകളിൽ എത്തുന്ന ഈ പ്രീമിയം കാറിൽ ‘ഗോഡ്സ് ഐ’ (God’s Eye) 5.0 അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം, 50 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, e3 സാങ്കേതികവിദ്യ തുടങ്ങിയ അത്യാധുനിക സവിശേഷതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചൈനയിൽ പുതിയ മോഡലുകൾ വിപണിയിലെത്തിക്കുന്നതിനൊപ്പം, ഡെൻസ ഈ വർഷം ഉത്സവകാലത്തോടുകൂടി ഇന്ത്യൻ വിപണിയിലേക്കും പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ വളർന്നുകൊണ്ടിരിക്കുന്ന ലക്ഷ്വറി എം.പി.വി. വിപണി ലക്ഷ്യമിട്ടുകൊണ്ട് ‘ഡെൻസ ഡി9’ (Denza D9) ആയിരിക്കും ഇന്ത്യയിൽ എത്തുന്ന ആദ്യ മോഡൽ. ടൊയോട്ട വെൽഫയർ, എം.ജി. എം9 തുടങ്ങിയ ആഡംബര മോഡലുകളോട് മത്സരിക്കുന്ന ഡെൻസ ഡി9, ക്യാപ്റ്റൻ സീറ്റുകൾ, മസാജ് ഫങ്ഷൻ, പനോരമിക് സൺറൂഫ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് എത്തുക.
അതേസമയം, ഇന്ത്യയിൽ ഡെൻസ ബ്രാൻഡിനായി പ്രത്യേക റീട്ടെയിൽ ഔട്ട്ലെറ്റുകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡീലർ ഗ്രൂപ്പുകളുമായി കമ്പനി ധാരണയിലെത്തി. മുംബൈയിൽ ലാൻഡ്മാർക്ക് ഗ്രൂപ്പും, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇ.വി.എമ്മും (EVM), ചെന്നൈയിൽ KUNഉം, ഗുജറാത്തിൽ കാർഗോ മോട്ടോഴ്സ്, എൻ.സി.ആർ/ചണ്ഡീഗഡിൽ കൃഷ്ണ ഓട്ടോമൊബൈൽസ് എന്നിവരുമാണ് ഡെൻസയുടെ പ്രധാന ഡീലർമാർ. ബി.വൈ.ഡിയുടെ നിലവിലുള്ള ഷോറൂമുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ഡെൻസയ്ക്കായി എക്സ്ക്ലൂസീവ് ആയ പ്രീമിയം റീട്ടെയിൽ ശൃംഖലയാണ് ഇന്ത്യയിൽ ഒരുക്കുന്നത്.
BYD has launched the Denza Z9S electric sedan offering up to 1,100 km range as its premium Denza brand prepares for its official entry into the Indian market.
