യുദ്ധരംഗത്തെ ആശയവിനിമയത്തിന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘സ്റ്റാർലിങ്ക്’ ഉപഗ്രഹ സംവിധാനത്തെ മാത്രം ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാൻ ഉക്രെയ്ൻ സ്വന്തം ബഹിരാകാശ ശൃംഖല നിർമിക്കുന്നു. ഡാനിഷ് കമ്പനിയായ ‘ഗോംസ്പേസ്’ (GomSpace) മായി ചേർന്ന് ‘ഓബ്രിയ നാനോ’ (Obria Nano) എന്ന പരീക്ഷണ ഉപഗ്രഹം ഉക്രെയ്ൻ വിജയകരമായി ഭ്രമണപഥത്തിൽ വിന്യസിച്ചു. ഭാവിയിൽ 245 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന കൂറ്റൻ കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കാണ് ഉക്രെയ്ൻ ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൈന്യത്തിന് സ്വന്തമായ ആശയവിനിമയ സംവിധാനം അത്യാവശ്യമാണെന്നും ബഹിരാകാശ സംവിധാനങ്ങൾ തദ്ദേശീയമായി വൻതോതിൽ ഉൽപ്പാദിപ്പിക്കാനാണ് ശ്രമമെന്നും ഉക്രെയ്ൻ പാർലമെന്റ് അംഗം ഫിയോഡോർ വെനിസ്ലാവ്സ്കി വ്യക്തമാക്കി. സാമ്പത്തിക പരിമിതികൾ പദ്ധതിയുടെ വേഗത കുറയ്ക്കുന്നുണ്ടെങ്കിലും യൂറോപ്യൻ യൂണിയന്റെ ‘IRIS²’ ഉപഗ്രഹ ശൃംഖല ലഭ്യമാകാൻ 2029 വരെ കാത്തിരിക്കണമെന്നതും, റഷ്യ Rassvet എന്ന തദ്ദേശീയ സാറ്റലൈറ്റ് നെറ്റ്വർക്ക് ഇതിനകം വിന്യസിച്ചതും കണക്കിലെടുത്താണ് ഉക്രെയ്ൻ സ്വന്തം പ്രോജക്റ്റുമായി അതിവേഗം മുന്നോട്ട് പോകുന്നത്.
Ukraine develops its own satellite communication network with 245 satellites in collaboration with GomSpace to reduce dependence on Elon Musk’s Starlink.

