ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി വർധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹന നിർമാണം വേഗത്തിലാക്കുന്നതിനുമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ പിയൂഷ് അറോറയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക നിർമാണം ശക്തമാക്കുക, നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കുക, ആഗോള വാഹന നിർമാണ ശൃംഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയെക്കുറിച്ചും ചർച്ചയിൽ ധാരണയായതായി കേന്ദ്രമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു.

ഇന്ത്യയിലെ ശൃംഖല വേഗത്തിൽ വ്യാപിപ്പിക്കുന്നതിനിടയിലാണ് കമ്പനി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയത്. അടുത്തിടെ ഇംഫാലിൽ പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചതോടെ സ്കോഡ ഓട്ടോ ഇന്ത്യയുടെ വിൽപന-സേവന കേന്ദ്രങ്ങളുടെ എണ്ണം 193 നഗരങ്ങളിലായി 350 കടന്നു. 2025 ജനുവരി മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ 38 പുതിയ നഗരങ്ങളിലായി 58 ഷോറൂമുകളും 34 നഗരങ്ങളിലായി 45 വർക്ക്ഷോപ്പുകളും കമ്പനി പുതുതായി ആരംഭിച്ചിട്ടുണ്ട്.
Union Minister Piyush Goyal met Skoda Auto Volkswagen India CEO Piyush Arora to discuss boosting EV manufacturing, local production, and vehicle exports from India.

