2027-ലെ ഹജ്ജ് തീർഥാടനം സുഗമമായി നടത്തുന്നതിനും ഇന്ത്യൻ തീർഥാടകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. സൗദി അറേബ്യയിലെ ജിദ്ദയിൽ സംഘടിപ്പിച്ച ആറാമത് ഹജ്ജ് കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർഥാടകരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യ-സൗദി സഹകരണം കൂടുതൽ ദൃഢമാക്കുമെന്നും, ഹജ്ജ് ഒരുക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ഉത്തമോദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.

സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല പ്രതിനിധി സംഘങ്ങളുടെ യോഗത്തിലും മന്ത്രി കിരൺ റിജിജു പങ്കെടുത്തു. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരി, ഹജ്ജ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഫ്സൽ എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പം യോഗത്തിൽ സംബന്ധിച്ചു. ഇന്ത്യൻ തീർഥാടകർക്കായി നൽകുന്ന മികച്ച പിന്തുണയ്ക്കും സൗകര്യങ്ങൾക്കും സൗദി ഭരണകൂടത്തിന് നന്ദി അറിയിച്ച മന്ത്രി, മക്ക ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ഉൾപ്പെടെയുള്ള പ്രമുഖരുമായും കൂടിക്കാഴ്ച നടത്തി.
Union Minister Kiren Rijiju attended the 6th Hajj Conference in Jeddah, reaffirming India’s commitment to ensuring smooth pilgrimage arrangements and enhanced welfare for Hajj 2027 pilgrims in collaboration with Saudi Arabia.

