ഇന്ത്യയിലെ ഊർജ വിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുജറാത്ത് എനർജിയുമായി അഡ്നോക് 10 വർഷത്തെ ദീർഘകാല കരാറിൽ ഏർപ്പെട്ടു. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എൽ.എൻ.ജി പദ്ധതികളിൽ വലിയ നിക്ഷേപം നടത്തുന്നതിന്റെ തുടർച്ചയായാണ് അഡ്നോക് ഇന്ത്യയിലേക്കുള്ള വിതരണം വർധിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളുമായി അഡ്നോക് ഒപ്പുവെക്കുന്ന അഞ്ചാമത്തെ എൽ.എൻ.ജി വിതരണ കരാറാണിത്. 2030-ഓടെ പ്രതിവർഷം 4.7 കോടി ടൺ എൽ.എൻ.ജി വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം ഗ്യാസ് പൈപ്പ്ലൈൻ ശൃംഖലകളില്ലാത്ത വ്യാവസായിക മേഖലകളിലേക്ക് റോഡ്, കടൽ മാർഗങ്ങളിലൂടെ നേരിട്ട് എൽ.എൻ.ജി എത്തിക്കുന്ന ‘വെർച്വൽ പൈപ്പ്ലൈൻ’ പദ്ധതിക്കും അബുദാബി ഊർജ വകുപ്പ് തുടക്കമിടുന്നുണ്ട്. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി വഴി വൻതോതിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഏകദേശം 100 കോടി യു.എ.ഇ ദിർഹത്തിന്റെ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനുമാണ് അബുദാബി ലക്ഷ്യമിടുന്നത്.
Abu Dhabi’s ADNOC signs a 10-year long-term agreement with Gujarat Energy to supply LNG to India starting in 2028, boosting energy cooperation

