കരിങ്കടൽ വഴി ലോകരാജ്യങ്ങളിലേക്ക് ഉക്രെയ്ൻ ധാന്യങ്ങൾ എത്തിക്കുന്ന കപ്പലുകൾക്ക് നേരേയുള്ള റഷ്യൻ ആക്രമണങ്ങൾ തടയാനും ഭക്ഷ്യ ഇടനാഴി സുരക്ഷിതമായി പുനഃസ്ഥാപിക്കാനും ഇന്ത്യ മധ്യസ്ഥത വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഇക്കാര്യം സ്ഥിരീകരിച്ചത്. ഉപരോധവും ആക്രമണങ്ങളും കാരണം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾ നേരിടുന്ന രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാൻ ഇന്ത്യയുടെ ഈ നയതന്ത്ര കവചം സഹായിക്കുമെന്ന് സെലെൻസ്കി പ്രത്യാശ പ്രകടിപ്പിച്ചു.

അബുദാബിയിൽ യു.എസ് മധ്യസ്ഥതയിൽ നടക്കുന്ന നിർണായക സമാധാന ചർച്ചകൾക്ക് തൊട്ടുമുമ്പാണ് ഇന്ത്യ ഇരുരാജ്യങ്ങളുടെയും ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ടത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായും ചർച്ച നടത്തി. കരിങ്കടൽ മേഖലയിലെ തുറമുഖങ്ങൾക്കും ധാന്യക്കപ്പലുകൾക്കും നേരേയുള്ള സൈനിക നടപടികൾ നിർത്തിവെപ്പിക്കാനും, വഴിത്തിരിവാകുന്ന വിപുലമായ സമാധാന നിർദേശങ്ങൾ മുന്നോട്ടുവെക്കാനും ഇന്ത്യ മുൻകൈയെടുക്കുന്നുവെന്നത് അന്താരാഷ്ട്രതലത്തിൽ വലിയ ശ്രദ്ധനേടുകയാണ്.
Prime Minister Narendra Modi and Ukraine President Volodymyr Zelenskyy discuss India’s mediation to protect ships carrying food and grain across the Black Sea.

