രാജ്യത്ത് യു.പി.ഐ (UPI) ഡിജിറ്റൽ പണമിടപാടുകളിൽ പുതിയ നാഴികക്കല്ല്. ഒക്ടോബറിൽ യു.പി.ഐ വഴി നടന്ന പ്രതിദിന ഇടപാടുകളുടെ ശരാശരി മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുപ്രകാരം ഒക്ടോബറിൽ ആകെ 2,547 കോടി ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 23 ശതമാനവും മൂല്യത്തിൽ 16 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബറിലെ പ്രതിദിന ശരാശരി ഇടപാട് തുക ഏകദേശം 1,01,707 കോടി രൂപയായി ഉയർന്നു. സെപ്റ്റംബറിൽ ഇത് 97,913 കോടി രൂപയായിരുന്നു. ദിവസേന ശരാശരി 82.2 കോടി ഇടപാടുകളാണ് നടക്കുന്നത്. അതേസമയം, ഡിജിറ്റൽ പേയ്മെന്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത മർച്ചന്റ് ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചാർജുകൾ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്.
India’s UPI transactions hit a new milestone in October as average daily transaction value crossed ₹1 lakh crore, recording 2,547 crore total transactions worth ₹31.53 lakh crore.
